ശങ്കര്‍ റെഡ്ഢിയുടെ നിയമനം: രണ്ടു ദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
തിരുവനന്തപുരം:യു.ഡി.എഫ് കാലത്ത് വിജിലന്‍സ് ഡയറക്ടറായി എന്‍. ശങ്കര്‍ റഡ്ഢിയെ നിയമിച്ചത് ക്രമ വിരുദ്ധമാണെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി സമയമനുവദിച്ചു. രണ്ടുദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്നാണ് വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും നാളെ ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.
എ.ഡി.ജി.പി റാങ്കുണ്ടായിരുന്ന ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് ഡയറക്ടറാക്കുന്നതിന് ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്തുകയായിരുന്നു.
ഇതു ക്രമവിരുദ്ധമാണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാലാണ് രണ്ട് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. റെഡ്ഢിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ കൈവശമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന് കോടതിയുടെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നുമായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്.
രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് വിജിലന്‍സ് അഭ്യര്‍ത്ഥിച്ചെങ്കിലും രണ്ടുദിവസത്തെ സമയം മാത്രമാണ് കോടതി അനുവദിച്ചത്. നിലവില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടറാണ് ശങ്കര്‍ റെഡ്ഢി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ എതിര്‍പ്പുകളും ഔദ്യോഗിക റിപ്പോര്‍ട്ടുകളും മറികടന്നാണ് ശങ്കര്‍ റെഡ്ഢിയുടെ നിയമനമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ട 15 ഓളം അഴിമതികേസുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ചതെന്നും ഹരജിയില്‍ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."