കരുണിനെ ട്രിപ്പിള്‍ ക്ലബിലേക്ക് സ്വാഗതം ചെയ്ത് സെവാഗ്, ഗെയ്ല്‍
ന്യൂഡല്‍ഹി: ട്രിപ്പിള്‍ സെഞ്ച്വറി ക്ലബിലേക്ക് കരുണ്‍ നായരെ സ്വാഗതം ചെയ്ത് ഇന്ത്യയുടെ ഒരേയൊരു ട്രിപ്പിള്‍ വീരനായ വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്. കരുണിനെ സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ 12 വര്‍ഷവും എട്ടു മാസവുമായി താന്‍ ഏകാന്തത അനുഭവിക്കുകയായിരുന്നുവെന്നും കരുണിന് എല്ലാ ആശംസകളും നേരുന്നതായും നേട്ടം ആഘോഷിക്കാനുമായിരുന്നു സെവാഗിന്റെ ട്വീറ്റ്.
300 ക്ലബിലേക്ക് വെസ്റ്റിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയിലും ട്വിറ്ററിലൂടെ കരുണിനെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിയും മുന്‍ ഒളിംപിക് വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാഥോഡ്, ക്രിക്കറ്റ് താരങ്ങളായ അജിന്‍ക്യ രഹാനെ, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ എന്നിവരും കരുണിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ടെസ്റ്റില്‍ സെവാഗ് മാത്രമായിരുന്നു ഇന്ത്യക്കാരില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാന്‍. രണ്ടു തവണ നേട്ടം സ്വന്തമാക്കിയ സെവാഗിനൊപ്പം ഇനി കരുണിന്റെ പേരും റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കുന്ന മുപ്പതാമത്തെ താരമായി ഇതോടെ കരുണ്‍ മാറി.
ഇംഗ്ലീഷ് താരം ആന്‍ഡി സന്താമാണ് ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിളടിച്ച താരം. സര്‍ ഡൊണാല്‍ഡ് ബ്രാഡ്മാനാണ് രണ്ടാം സ്ഥാനത്ത്. ബ്രാഡ്മാന്‍, ലാറ, ക്രിസ് ഗെയില്‍, സെവാഗ് എന്നിവരാണ് നേട്ടം ഒന്നില്‍ കൂടുതല്‍ സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."