ശബരിമലയില്‍ ഹെലിപ്പാഡിനായി സ്ഥലം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയില്‍ ഹെലിപ്പാഡ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം പാണ്ടിത്താവളത്ത് കണ്ടെത്തി. പത്തനംതിട്ട ജില്ലാ പൊലിസ് ചീഫ് ആര്‍. ഹരിശങ്കറും ദേവസ്വം, മരാമത്ത് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.
60 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണ് ഹെലിപ്പാഡിന് വേണ്ടത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹെലിപ്പാഡ് നിര്‍മിക്കുന്നതിന് മുപ്പതോളം വന്‍ മരങ്ങള്‍ വെട്ടിമാറ്റേണ്ടി വരും. ഇതിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. നേരത്തേ പാണ്ടിത്താവളത്തെ ജലസംഭരണിക്ക് മുകളില്‍ ഹെലിപ്പാഡ് നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, വ്യോമ മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്.
ശബരിമലയിലെത്തുന്ന വി.വി.ഐ.പികള്‍ക്കും അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലും മാത്രമേ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം പൊലിസ് മുന്നോട്ടുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശരംകുത്തിയില്‍ ഹെലിപ്പാഡ് നിര്‍മിച്ചെങ്കിലും വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."