മാനസിക-ശാരീരിക വെല്ലുവിളിയുള്ളവരുടെ പ്രശ്‌നങ്ങള്‍: പ്രത്യേക ഗ്രാമസഭ ചേരണമെന്ന്
പാലക്കാട്: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭ ചേരണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് സമൂഹത്തിനോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് നാഷനല്‍ ട്രസ്റ്റ് ആക്റ്റുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സെമിനാര്‍ വ്യക്തമാക്കി.
പദ്ധതി ആസൂത്രണത്തിന് മുന്‍പ് ഇത്തരക്കാരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ കലക്ടര്‍ അധ്യക്ഷയായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയും സംയുക്തമായാണ് സെമിനാര്‍ നടത്തിയത്. കലക്ടറേറ്റ് സമ്മേളനഹാളില്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഓട്ടിസം. സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവയുള്ളവരുടെ സ്വത്തിനും ജീവനും ആജീവനാന്ത സംരക്ഷണം ഉറപ്പാക്കുകയാണ് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് ലക്ഷ്യമിടുന്നത്. ഇതിനായി ഇത്തരം വ്യക്തികള്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയനെ) നിയമിച്ച് നല്‍കുകയാണ് കമ്മിറ്റിയുടെ ചുമതല. വില്ലേജ് ഓഫീസര്‍മാര്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍മാര്‍, മസ്തിഷ്‌ക ഭിന്നശേഷി നേരിടുന്നവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന-സ്ഥാപന പ്രതിനിധികള്‍ എന്നിവരടക്കം 200 ഓളം പേര്‍ പങ്കെടുത്തു.
88 പഞ്ചായത്തുകളുള്ള ജില്ലയില്‍ രണ്ട് ബഡ്‌സ് സ്‌കൂളുകള്‍ മാത്രമുള്ളത് അപര്യാപ്തതയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ റിട്ട.മേജര്‍ സുധാകര്‍ പിള്ള, പി.ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു.
സെമിനാറില്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍- നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന ഫോം ബി അടിസ്ഥാനരേഖയായതിനാല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ' ആശ്വാസകിരണം' പദ്ധതിയില്‍ ശയ്യാവലംബരെ ശുശ്രൂഷിക്കുന്നവരെ കൂടാതെ മസ്തിഷ്‌ക വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷിക്കുന്നവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് സി.ഡി.പി.ഒ.മാര്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഇത്തരക്കാര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ വില്ലേജ് ഓഫീസര്‍മാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം.
ഡേ കെയറിലും സ്‌പെഷല്‍ സ്‌കൂളിലും പഠിക്കുന്നവര്‍ക്ക് പഞ്ചായത്ത്തലത്തില്‍ സ്‌കോളര്‍ഷിപ്പും യാത്രാബത്തയും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവര്‍ക്കായി പ്രത്യേക കുടുംബശ്രീ അയല്‍ക്കുട്ടങ്ങള്‍ രൂപവത്ക്കരിക്കണം. ലീഗല്‍ ഗാര്‍ഡിയനെ അനുവദിച്ച് നല്‍കുന്നതിനുള്ള അപേക്ഷ വെള്ളപേപ്പറില്‍ വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയാല്‍ മതി. ഇതിനായി അഭിഭാഷകരും മറ്റും വന്‍ തുക കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സെമിനാര്‍ വ്യക്തമാക്കി. സ്വത്ത് കൈമാറ്റം - ഭാഗം നടത്തുമ്പോള്‍ കുടുംബത്തില്‍ ഇത്തരക്കാരുണ്ടോയെന്ന് സബ് രജിസ്ട്രാര്‍മാര്‍ പരിശോധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."