കെണിയൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടുമാസം
കൊടുങ്ങല്ലൂര്‍: ഒരു ഗ്രാമം കെണിയൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം രണ്ട് പിന്നിടുന്നു. എന്നിട്ടും അജ്ഞാത ജീവി ഒളിവില്‍ തന്നെ. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പുല്ലൂറ്റ് കോഴിക്കുളങ്ങരയിലാണ് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയ അജ്ഞാത ജീവിയെ പിടികൂടുന്നതിനു വേണ്ടി കൂട് സ്ഥാപിച്ചിട്ടുള്ളത്.
ഒരു ഡസനിലധികം ആടുകളെ കൊന്നതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിനകം നാലിടങ്ങളില്‍ കൂട് മാറ്റി സ്ഥാപിച്ചുവെങ്കിലും അജ്ഞാത ജീവിയെ കുടുക്കാനായില്ല. എല്ലാ ദിവസവും കൂടിനകത്ത് ആടിനെ കെട്ടിയിടും രാവിലെ അഴിച്ചുമാറ്റുകയും ചെയ്യും. കൂട് സ്ഥാപിച്ച ശേഷം ഈ പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നതാണ് കൗതുകകരമായ വസ്തുത. രണ്ട് മാസം മുന്‍പ് ദിവസങ്ങള്‍ ഇടവിട്ട് കോഴിക്കുളങ്ങര പ്രദേശത്ത് ആടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.
വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത് പുലിയാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ കുറുക്കന്‍മാരാണ് അക്രമികളെന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ നിലപാട്. അജ്ഞാത ജീവിയുടെ ആക്രമണം തുടര്‍ന്നതോടെ നാട്ടുകാരുടെ ഭീതിയകറ്റാന്‍ കോഴിക്കുളങ്ങരയില്‍ കൂട് സ്ഥാപിക്കുകയായിരുന്നു. ചിലയിടങ്ങളില്‍ നാട്ടുകാര്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും അജ്ഞാത ജീവി ഇരുളില്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."