മദ്യരഹിത താലൂക്കാകാനൊരുങ്ങി കൊടുങ്ങല്ലൂര്‍
കയ്പമംഗലം: മദ്യരഹിത താലൂക്ക് പ്രവര്‍ത്തനങ്ങളുമായി കൊടുങ്ങല്ലൂര്‍. ജില്ലയിലെ ഏറ്റവും ചെറിയ താലൂക്കായ കൊടുങ്ങല്ലൂര്‍ ബാറുകളുടെ എണ്ണത്തില്‍ മറ്റു താലൂക്കുകളേക്കാളും മുന്‍പന്തിയിലാണ്. കൊടുങ്ങല്ലൂര്‍ നഗരസഭയും 13 പഞ്ചായത്തുകളും ചേര്‍ന്നതാണ് താലൂക്ക് പരിധി. ഇതില്‍ നിലവില്‍ പത്ത് ബാറുകളും രണ്ട് വിദേശ മദ്യശാലകളുമുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പരിധിയില്‍ അര ഡസനോളം ബാറുകളാണ് ഉള്ളത്.
മദ്യ വില്‍പനയില്ലാതെ ബിയര്‍ മാത്രമാണ് ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതെങ്കിലും സുപ്രിംകോടതി വിധിയനുസരിച്ച് ഇതിനും താഴ് വീഴും. കൊടുങ്ങല്ലൂര്‍, ശ്രീനാരായണപുരം എന്നിപ്രദേശങ്ങളിലാണ് വിദേശ മദ്യശാലകളുള്ളത്.
ഇതു രണ്ടും ദേശീയപാതയുടെ അരികിലാണ്. ദേശീയപാതയിലേക്കുള്ള ഗെയ്റ്റ് അടച്ചുപൂട്ടി പുതിയ വഴി നിര്‍മിച്ച് പരിഹാരം കണ്ടെത്താന്‍ കഴിയുമോയെന്ന ചിന്തയിലാണ് ഒരു കൂട്ടര്‍. തൊട്ടടുത്ത ചാവക്കാട്, ഇരിങ്ങാലക്കുട താലൂക്കുകളില്‍ ബിയര്‍ ഷാപ്പുകളോ വിദേശ മദ്യശാലയോ ഉണ്ടാകാമെന്ന സൂചനയുമുണ്ട്. ദൂരപരിധി മറികടക്കാന്‍ വേണ്ടി പുതിയ നീക്കങ്ങള്‍ നടത്തിയാലും വിദേശ മദ്യശാലക്ക് അനുമതി കിട്ടാന്‍ സാധ്യതയില്ല. ശ്രീനാരായണപുരത്തെ വിദേശ മദ്യശാലക്കെതിരേ നിരവധി സമരങ്ങള്‍ നടന്നിരുന്നു. കെട്ടിട ഉടമയും സമരക്കാര്‍ക്ക് അനുകൂല നിലപാടെടുത്തെങ്കിലും മദ്യശാല മാറ്റിയിരുന്നില്ല. എന്നാല്‍ പുതിയ വിധി വന്നതോടെ ശ്രീനാരായണപുരത്തു നിന്ന് മദ്യശാല മാറ്റേണ്ടി വരും. പഞ്ചായത്ത് ഭരണസമിതി അനുവാദം കൊടുത്താല്‍ മാത്രമേ പുതിയതായി മദ്യശാല ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ചുരുക്കത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ ബിയര്‍ പാര്‍ലറുകള്‍ക്കും വിദേശ മദ്യശാലകള്‍ക്കും മരണ മണി മുഴങ്ങിക്കഴിഞ്ഞു. ഇതോടെ കൊടുങ്ങല്ലൂര്‍ താലൂക്ക് മദ്യ രഹിത താലൂക്കായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."