ബെവ്‌കോയിലെ സ്ത്രീകളുടെ നിയമനം: ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി : ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പുകളില്‍ സ്ത്രീകള്‍ക്കു നിയമനം നിഷേധിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഈ വ്യവസ്ഥകള്‍ തുല്യനീതി നിയമത്തിന്റെ ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സ്ത്രീകളെ നിയമിക്കാനാവില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ ബിവറേജസ് കോര്‍പ്പറേഷനിലെ പ്യൂണ്‍ ഹെല്‍പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചതു ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി. സനൂജയുള്‍പ്പെടെ ആറുപേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. റാങ്ക് ലിസ്റ്റില്‍ ഹരജിക്കാരേക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിച്ച സാഹചര്യത്തില്‍ പിഎസ്‌സി രണ്ടാഴ്ചയ്ക്കുള്ളില്‍ ഹരജിക്കാര്‍ക്ക് നിയമനം നല്‍കണം. ഒഴിവുകള്‍ നിലവിലില്ലെങ്കില്‍ ഇനി വരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നോക്കുകൂലി :ഡി.ജി.പിയുടെ സര്‍ക്കുലര്‍
കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
കൊച്ചി : നോക്കുകൂലിക്കെതിരായി ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്നു ഹൈക്കോടതി. നോക്കുകൂലി പ്രശ്‌നത്തെ തുടര്‍ന്ന് ചാലക്കുടിയിലെ ക്വാറിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് ഒഴിവാക്കാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പൈനാടത്ത് ഗ്രാനൈറ്റ്‌സ് ഉടമ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലെടുത്തു ലഭിക്കുന്ന കൂലികൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് ഖുര്‍ആന്‍, ബൈബിള്‍ തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി. സര്‍ക്കുലറിന്മേലുള്ള നടപടി കാര്യക്ഷമമാണോയെന്ന് ഡിജിപി പരിശോധിക്കണം. കേസ് എടുക്കാന്‍ എല്ലാ പൊലിസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റു ചെയ്യണമെന്നും സ്ഥാപനത്തിനും ജീവനക്കാരടക്കമുള്ളവര്‍ക്കും സംരക്ഷണം നല്‍കുകയും വേണമെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."