സരിതയ്ക്ക് മേല്‍വിലാസം എഴുതിനല്‍കിയതായി തോമസ് കുരുവിള
കൊച്ചി: സരിത നായര്‍ക്ക് സ്വന്തം കൈപ്പടയില്‍ മേല്‍വിലാസം എഴുതി നല്‍കിയതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള.
സോളാര്‍ കമ്മിഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സാക്ഷികള്‍ കമ്മിഷന്‍ മുമ്പാകെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ കുരുവിളയെ ഇന്നലെ വീണ്ടും സോളാര്‍ കമ്മിഷന്‍ വിളിച്ചുവരുത്തി വിസ്തരിക്കുകയായിരുന്നു.
ഡല്‍ഹിയിലെ ലെ മെരഡിയന്‍ ഹോട്ടലില്‍ വച്ച് സോളാര്‍ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കവേയാണ് താന്‍ മേല്‍വിലാസം നല്‍കിയതെന്ന് കുരുവിള പറഞ്ഞു.
എന്നാല്‍ സരിത മൊഴി നല്‍കിയതുപോലെ ഇത് 2012 ഡിസംബര്‍ 27ന് അല്ലെന്നും മേല്‍വിലാസം എഴുതി നല്‍കിയ തിയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിക്ക് നല്‍കാന്‍ ഡല്‍ഹിയില്‍വച്ച് ഒരുകോടി 10ലക്ഷം രൂപ തനിക്ക് കൈമാറിയെന്ന സരിതയുടെ മൊഴി തോമസ് കുരുവിള ഇന്നലെയും നിഷേധിച്ചു.
2012 ഡിസംബര്‍ 27ന് വിജ്ഞാന്‍ഭവനിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തോമസ് കുരുവിളയുടെ കൈവശം ഉമ്മന്‍ചാണ്ടിക്ക് നല്‍കാന്‍ പണം കൈമാറിയെന്നും ഇതിനുശേഷം തന്റെ ഡയറിയില്‍ തോമസ് കുരുവിള മേല്‍വിലാസം എഴുതി നല്‍കിയെന്നുമായിരുന്നു സരിത മൊഴിനല്‍കിയത്.ഡയറിയിലെ കുറിപ്പിന്റെ കോപ്പിയും സരിത കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു.
ടി.എം അസോസിയേറ്റ്‌സ്,കോട്ടയം എന്നും പാര്‍ട്ണര്‍മാരായ തോമസ് കുരുവിള,മേരി തോമസ് എന്നിവരുടെ പേരുകളും ഇ മെയില്‍ ഐഡിയുമാണ് കുരുവിള സരിതയ്ക്ക് എഴുതി നല്‍കിയതെന്നും കമ്മിഷന്‍ മുമ്പാകെ സമ്മതിച്ചു.
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ ഡല്‍ഹിയിലെ ലോക്കല്‍ ഗാര്‍ഡിയന്റെ ചുമതല താന്‍ വഹിച്ചിട്ടില്ലെന്നും കുരുവിള പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് പണം കൈമാറിയെന്ന് പറയുന്ന ദിവസം 16 തവണ സരിതയുമായി ഫോണില്‍ സംസാരിച്ചെന്നും തോമസ് കുരുവിള സമ്മതിച്ചു.
ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി ബി.രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് തോമസ് കുരുവിള പുതിയ കാര്യങ്ങള്‍ കമ്മിഷന്‍ മുമ്പാകെ വ്യക്തമാക്കിയത്.
അതേസമയം ഇന്നലെ വീണ്ടും മൊഴി നല്‍കിയ എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍ താന്‍ മുമ്പ് നല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു.ഹേമചന്ദ്രന്റെ വിസ്താരം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."