ഭീകര സംഘടനകള്‍ക്കെതിരേ നടപടി വേണം; പത്താന്‍കോട്ട് ഭീകരാക്രമണം: യു.എന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍ ആവര്‍ത്തിച്ചു. പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ ജയ്‌ഷെ നേതാവ് മൗലാനാ മസൂദ് അസ്ഹറിനു പങ്കുണ്ടെന്നാരോപിച്ച് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം സയീദ് അക്ബറുദ്ദീന്‍ ആണ് രക്ഷാസമിതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ലഷ്‌കര്‍, ജയ്‌ഷെ സംഘടനകള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത ചൈനയുടെ നടപടിയെയും അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. യു.എന്‍ സമിതിയിലെ ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം ഭീകരസംഘടനകള്‍ക്കെതിരായ നടപടികളെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭീകര സംഘടനകള്‍ക്കെതിരേ നടപടിയെടുക്കുക, മുംബൈ ഭീകരാക്രമണത്തിനുപിന്നിലെ സൂത്രധാരനായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയെ വിട്ടുകിട്ടുക എന്നിവയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍. ഇതിനിടെയാണ് നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി തിങ്കളാഴ്ച പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് യു.എന്‍ സമിതിയില്‍ ഇന്ത്യയുടെ ആവശ്യം സ്ഥിരം പ്രതിനിധി ആവര്‍ത്തിച്ചത്.
ഭീകരസംഘടനകള്‍ക്കുള്ള പിന്തുണ എല്ലാരാജ്യങ്ങളും ഗൗരവത്തോടെ കാരണമെന്ന് അക്ബറുദ്ദീന്‍ സമിതിയില്‍ ആവശ്യപ്പെട്ടു. അഫ്ഗാനിലെ ഭരണത്തില്‍ നിന്നു താലിബാന്‍ പുറത്താക്കപ്പെട്ടതിനു ശേഷം മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനാണ് അവരിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ജനങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ കെടുതിയില്‍ നിന്നു മോചിതരല്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് രാജ്യാന്തരസമൂഹം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വളരുന്ന ഓരോ ഇലയും നിങ്ങളോട് പറയും എന്താണു നിങ്ങള്‍ വിതയ്ക്കുന്നതെന്ന്' എന്ന പേര്‍ഷ്യന്‍ കവിതയും അക്ബറുദ്ദീന്‍ ഉദ്ധരിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ സമാധാനം അല്ലാതെ മറ്റൊന്നും വിതയ്ക്കരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസൂദിനും സഹോദരനും എതിരേ ഇതിനകം ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."