മൂവാറ്റുപുഴയാറിന്റെ തീരത്ത് കൈയേറ്റം വ്യാപകം
വൈക്കം: അനധികൃത കൈയേറ്റം മൂവാറ്റുപുഴയാറിന്റെ മുഖ്യ കൈവഴികളിലൊന്നായ വൈക്കപ്രയാര്‍ മുതല്‍ വാഴമന മുട്ടുങ്കല്‍ വരെയുള്ള പുഴയെ തോടാക്കി മാറ്റുന്നു. ദിനംപ്രതി പുഴയില്‍ കുറ്റികള്‍ സ്ഥാപിച്ച് തീരങ്ങളില്‍ താമസിക്കുന്നവര്‍ മണ്ണിട്ട് ഉയര്‍ത്തി കൈയേറിക്കൊണ്ടിരിക്കുകയാണ്.
ആദ്യം പുഴയോടു ചേര്‍ന്നുള്ള തീരത്തു പരുത്തി കോലുകള്‍ സ്ഥാപിച്ച് ഇതിനെ വളര്‍ത്തി കാടാക്കി മാറ്റുന്നു. ഇതിനു ശേഷമാണു കൈയേറ്റം. പുഴയില്‍ കൈയേറ്റം വ്യാപകമായിട്ടും അധികാരികള്‍ കണ്ടില്ലെന്ന ഭാവം നടിയ്ക്കുന്നു. ഉദയനാപുരം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള പുഴയുടെ തീരപ്രദേശങ്ങളാണു വ്യക്തികളുടെ കൈകളില്‍ അമര്‍ന്നുകൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പുഴയുടെ വീതി ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു. വടയാര്‍, വാഴമന പാടശേഖരങ്ങളിലേക്കു വെള്ളമെത്തുന്ന എല്ലാ നാട്ടുതോടുകള്‍ക്കും പുഴയുടെ വീതികുറയുന്നതു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ മേഖലകളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കും പുഴയിലെ കൈയേറ്റം ഭീഷണിയുയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."