ക്വാറി വിഷയത്തില്‍ സി.പി.എമ്മില്‍ പരസ്യ പോരാട്ടം: പാര്‍ട്ടി വിശദീകരണ സമ്മേളനത്തിലേക്ക് സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ റാലി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലംകൊല്ലിയില് പുതിയ ക്വാറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ പൊതുസമ്മേളനത്തിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ റാലിയുമായെത്തി.
യു.ഡി.എഫ് ഭരണകാലത്തു തള്ളിയ അപേക്ഷയില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം വിശദീകരണ സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി സംസാരിക്കവേയാണ് നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ കൊടിയുമായി മുദ്രാവാക്യം വിളിച്ച് റാലിയുമായി സമ്മേളന നഗരിയിലേക്കെത്തിയത്.
ക്വാറി മാഫിയയില്‍നിന്നു പാര്‍ട്ടിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പഞ്ചായത്ത് പ്രസിഡന്റിനു പുറമേ പാര്‍ട്ടി നേതാക്കളായ ടി.പി അന്‍വര്‍, കൂര്യോക്കോസ്, പാര്‍വതി, പി.കെ മണി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. പ്രതിഷേധ റാലി സമ്മേളന നഗരിക്കു മുന്നില്‍ നേതാക്കള്‍ ഇടപെട്ടു തടഞ്ഞതു നേരിയ സംഘര്‍ഷത്തിനും കാരണമായി. കാറ്റിയാടിപോയില്, വേഴക്കോട്, പൂവത്തിക്കല്‍, ചൂളാട്ടിപ്പാറ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്‍.കെ സുധാകരന്, എം. സുധര്‍മന്‍, ഷൈജു, കെ. മോഹനന് തുടങ്ങിയവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."