കൃഷിഭവനുകളിലൂടെ തേങ്ങ സംഭരണം; ഏഴു മാസമായിട്ടും പണമില്ല
നിലമ്പൂര്‍: കൃഷി ഭവനുകളിലൂടെ നാളികേരം നല്‍കിയ കര്‍ഷകര്‍ക്ക് ഏഴു മാസമായിട്ടും പണമില്ല. നോട്ട് പ്രതിസന്ധിമൂലം കടക്കെണിയിലായ കര്‍ഷകര്‍ക്കു കൃഷിഭവനില്‍നിന്നു കിട്ടാനുള്ള കുടിശ്ശികകൂടി ലഭിക്കാത്ത സാഹചര്യത്തില്‍ ഈ ക്രിസ്മസ് കാലം വറുതിയുടേതാകും.
നിലമ്പൂര്‍ മണ്ഡലം പരിധിയിലെ കൃഷി ഭവനകളിലൂടെ സംഭരിച്ച നാളികേരത്തിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 95 ലക്ഷം രൂപയാണ്. നാളികേര സംഭരണവുമായി ബന്ധപ്പെട്ട് കൃഷിഭവനുകളില്‍ നിയമിച്ചിരുന്ന കരാര്‍ തൊഴിലാളികളെ പിരിച്ചുവിടുകകൂടിചെയ്തതോടെ നാളികേര സംഭരണവും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മുതലുള്ള കുടിശ്ശികയാണ് ഡിസംബര്‍ അവസാനമായിട്ടും കര്‍ഷകര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത്.
നിലമ്പൂര്‍, ചുങ്കത്തറ പോത്തുകല്ല്, എടക്കര, മൂത്തേടം എന്നീ കൃഷിഭവനുകളിലൂടെയാണ് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപ വില നിശ്ചയിച്ച് കേര ഫെഡ് മുഖേനയാണ് സംഭരണം നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നാളികേരത്തിനു കിലോയ്ക്ക് 16രൂപയായി താഴ്ന്നതിനെ തുടര്‍ന്ന് 25രൂപ പ്രകാരം കൃഷി ഭവനുകളിലൂടെ നാളികേരം സംഭരിക്കാന്‍ തീരുമാനമെടുത്തത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടന്‍തന്നെ നാളികേര കര്‍ഷകര്‍ക്കുള്ള കുടിശ്ശിക ഒരു മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏഴു മാസമായിട്ടും തുക വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. നിലമ്പൂര്‍ കൃഷി ഭവനില്‍ മാത്രം 12 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കു നല്‍കാനുള്ളതെങ്കില്‍ മൂത്തേടത്ത് നാലു ലക്ഷവും പോത്തുകല്ലില്‍ 24 ലക്ഷവും ചുങ്കത്തറയില്‍ 25 ലക്ഷവും എടക്കരയില്‍ 30 ലക്ഷവുമാണ് വിതരണം ചെയ്യാനുള്ളത്. ഓരോ മാസവും അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് പരമാവധി വിതരണത്തിനായി കൃഷി ഭവനുകള്‍ക്കു നല്‍കുന്നത്.
അധികവില ലഭിക്കുമെന്ന ആശ്വാസത്തില്‍ കൃഷിഭവനുകളിലൂടെ പച്ചത്തേങ്ങ നല്‍കിയ കര്‍ഷകര്‍ കൃഷി ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും പണംലഭിക്കാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."