മോദിക്കെതിരേ അഴിമതി ആരോപണവുമായി രാഹുല്‍
മെഹ്സാന(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് കോഴ വാങ്ങിച്ചതിനുള്ള തെളിവുകളുണ്ടെന്ന് മെഹ്സാനയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ആരോപിച്ചു.
2013ല്‍ ആറുമാസങ്ങളില്‍ ഒന്‍പത് തവണകളായി മോദി സഹാറ ഗ്രൂപ്പില്‍ നിന്നും ബിര്‍ളയില്‍ നിന്നും കൈക്കൂലി വാങ്ങിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിലുള്ള അന്വേഷണം എവിടെയുമെത്തിയിട്ടില്ല. മോദി കൈക്കൂലി വാങ്ങിയെന്ന് തെളിവുകളുള്ള സാഹചര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
40 കോടി രൂപയാണ് സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി കോഴ വാങ്ങിയത്. 2015ല്‍ ഒക്ടോബര്‍ 30ന് 2.5 കോടി, 2013 നവംബര്‍ 12ന് 5 കോടി, 2013 നവംബര്‍ 27ന് 2.5 കോടി, 2013 നവംബര്‍ 13ന് 5 കോടി, 2013 ഡിസംബര്‍ 6 ന് 5 കോടി, 2013 ഡിസംബര്‍ 19ന് 5 കോടി, 2014 ജനുവരി 13ന് 5 കോടി, 2014 ഫെബ്രുവരി 22ന് 5 കോടി എന്നിങ്ങനെ മോദി കോഴ വാങ്ങിച്ചതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ട്.
മോദിക്കെതിരായ അഴിമതി ആരോപണങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നതുകൊണ്ടാണ് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. താന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ ബി.ജെ.പിയും പ്രതികരിച്ചിരുന്നു.
രാഹുല്‍ഗാന്ധി അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ഇതിനിടയിലാണ് ഇന്നലെ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന വെളിപ്പെടുത്തല്‍ രാഹുല്‍ ഗാന്ധി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."