HOME
DETAILS

മൂലകങ്ങള്‍ക്ക് പേരു വന്നതിങ്ങനെ

  
backup
December 21 2016 | 19:12 PM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8

 

രസതന്ത്രത്തിലെ നിരവധി മൂലകങ്ങളെ കൂട്ടുകാര്‍ പരിചയപ്പെട്ടിട്ടുണ്ടാകും. പല മൂലകങ്ങളുടെ പേരും മനപ്പാഠമായിരിക്കും. അവയ്ക്ക് എങ്ങനെയാണ് ഇത്തരം പേരുകള്‍ വന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? നിരവധി നഗരങ്ങള്‍, രാജ്യങ്ങള്‍, ശാസ്ത്രകാരന്മാര്‍, ഗ്രഹങ്ങള്‍, ഗ്രീക്ക് പുരാണ കഥാപാത്രങ്ങള്‍ തുടങ്ങി നീണ്ടൊരു നിര തന്നെയുണ്ട് ഇതിനു പിന്നില്‍.

അമേരിഷ്യം

ഉത്തര -ദക്ഷിണ അമേരിക്കന്‍ വന്‍കരകളെ ചേര്‍ത്തു വിളിക്കുന്ന പേരാണ് അമേരിക്കാസ്. ഇതില്‍നിന്നാണ് മൂലകത്തിനു പേരിട്ടത്. റേഡിയോ ആക്ടീവ് മൂലകമാണ് അമേരിഷ്യം. മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച മൂലകം കൂടിയാണിത്. ഗ്ലെന്‍ ടി സീബോര്‍ഗ്, ആല്‍ബര്‍ട്ട് ഗിയോര്‍സോ തുടങ്ങിയവരടങ്ങിയ ഗവേഷണ സംഘമാണ് അമേരിഷ്യം വികസിപ്പിച്ചെടുത്തത്. ന്യൂട്രോണ്‍ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിച്ചാണ് ആദ്യമായി അമേരിഷ്യം നിര്‍മിച്ചത്. ശക്തിയേറിയ ഗാമ കിരണങ്ങള്‍ പുറത്തു വിടുന്നതിനാല്‍ അമേരിഷ്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള അപകടങ്ങള്‍ക്കു സാധ്യതയുണ്ട്്. സുരക്ഷയുടെ ഭാഗമായി സ്ഥാപനങ്ങളിലും വീടുകളിലും ഉപയോഗിക്കുന്ന സ്‌മോക്ക് ഡിറ്റക്ടറുകളില്‍ അമേരിഷ്യം ഉപയോഗിക്കുന്നുണ്ട്.

ഫ്രഞ്ചുകാരന്‍ ഫ്രാന്‍സ്യം

ഒന്നാം ഗ്രൂപ്പിലെ റേഡിയോ ആക്ടീവ് മൂലകമായ ഫ്രാന്‍സ്യത്തിനു പേരു വന്നത് ഫ്രാന്‍സ് എന്ന രാജ്യത്തിന്റെ പേരില്‍നിന്നാണ്. ഈ മൂലകം കണ്ടെത്തിയത് മാര്‍ഗരറ്റ് പെരേയ്്് എന്ന ശാസ്ത്രജ്ഞനാണ്. ഏക സീസിയം, ആക്ടീനിയം കെ തുടങ്ങിയ പേരുകളിലാണ് ഫ്രാന്‍സ്യം ആദ്യം അറിയപ്പെട്ടിരുന്നത്. മറ്റുള്ള മൂലകങ്ങളെ ആകര്‍ഷിച്ചു രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള കഴിവാണ് ഇലക്ട്രോ നെഗറ്റീവിറ്റി. ഇലക്ട്രോ നെഗറ്റീവിറ്റി ഏറ്റവും കുറഞ്ഞ മൂലകം കൂടിയാണ് ഫ്രാന്‍സ്യം.

പ്ലൂട്ടോണിയം

പ്ലൂട്ടോ എന്ന ഗ്രഹത്തില്‍നിന്നാണ് പ്ലൂട്ടോണിയം എന്ന പേരു ലഭിച്ചത്. വിഷ വസ്തുവാണിത്. പ്രകൃതിദത്ത മൂലകങ്ങളില്‍ ഏറ്റവും അണുഭാരമുള്ള മൂലകമാണ് പ്ലൂട്ടോണിയം. ആണവ റിയാക്ടറുകളില്‍ അണു വിഘടനത്തിനായി ഉപയോഗിക്കാറുണ്ട്്. സീബോര്‍ഗിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പ്ലൂട്ടോണിയം കണ്ടെത്തിയത്.

ടൈറ്റാനിയം

ഗ്രീക്ക് ഐതിഹ്യ കഥാപാത്രമായ ടൈറ്റന്റെ ലാറ്റിന്‍ പേരായ ടൈറ്റാനിയത്തില്‍നിന്നാണ് ഈ മൂലകത്തിന് പേരു ലഭിച്ചത്. ഉയര്‍ന്ന സ്ഥിരതയും പ്രതിരോധ ശേഷിയുമുള്ള ഈ ലോഹത്തെ ഭാവിയുടെ ലോഹമെന്നും വിളിക്കുന്നു. വില്യം ഗ്രിഗര്‍ ആണ് ഈ മൂലകം കണ്ടുപിടിച്ചത്. നമ്മുടെ നാടുകളില്‍ ലഭ്യമാകുന്ന ഇല്‍മനൈറ്റില്‍ ഇവ കാണപ്പെടുന്നു. ഉരുക്കിന്റെ ഉറപ്പും പാതി ഭാരവുമുള്ള ലോഹമാണിത്.

മെന്‍ഡലീവിയം

മൂലകങ്ങളുടെ ആവര്‍ത്തന പട്ടിക തയാറാക്കിയ ഡിമിട്രി മെന്‍ഡലീഫിന്റെ പേരില്‍നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ആല്‍ഫ കണങ്ങളെ ഐന്‍സ്റ്റീനിയത്തില്‍ കൂട്ടിയിടിപ്പിച്ചാണ് കൃത്രിമ മൂലകമായ മെന്‍ഡലീവിയം നിര്‍മിക്കുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍വച്ച് ആല്‍ബര്‍ട്ട് ഗിയോര്‍സോയും സംഘവുമാണ് ഈ മൂലകം വികസിപ്പിച്ചെടുത്തത്.

റുഥര്‍ഫോര്‍ഡിയം

റുഥര്‍ഫോര്‍ഡ് എന്ന പ്രോട്ടോണിന്റേയും ന്യൂക്ലിയസിന്റെ കണ്ടെത്തലിലൂടെ ശ്രദ്ധേയനായ ഏണസ്റ്റ് റുഥര്‍ ഫോര്‍ഡിന്റെ പേരില്‍നിന്നാണ് റുഥര്‍ ഫോര്‍ഡിയം എന്ന പേരിന്റെ വരവ്. റേഡിയോ ആക്ടീവ് മൂലമാണ് റുഥര്‍ഫോര്‍ഡിയം . 1966ല്‍ റഷ്യന്‍ ഡബ്‌ന ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചും പിന്നീട് 1969 ല്‍ ഘിയോര്‍സെയുടെ നേതൃത്വത്തിലുള്ള സംഘവും ഈ മൂലകം വികസിപ്പിച്ചെടുത്തു.

ബെര്‍ക്കിലിയം

കാലിഫോര്‍ണിയയിലെ ബെര്‍ക്കിലി എന്ന പേരില്‍നിന്നാണ് ബെര്‍ക്കിലിയം വന്നത്. സീബോര്‍ഗ്, ഘിയോര്‍ണോ, സ്റ്റാന്‍ലി തോംസണ്‍, കോന്നത്ത സ്ട്രീറ്റ് ജൂനിയര്‍ തുടങ്ങിയവര്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ മൂലകം.

ഫ്‌ളൂറിന്‍ രക്തസാക്ഷികള്‍

ആവര്‍ത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പായ ഹാലൊജനുകളില്‍പെട്ട മൂലകമാണ് ഫ്‌ളൂറിന്‍. ഫ്‌ള്യൂയെര്‍ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് ഫ്‌ളൂറിന്‍ എന്ന പേരു ലഭിച്ചത്. കാള്‍ വില്‍ഹെം ഷീലെയാണ് മൂലകം കണ്ടെത്തിയത്. എന്നാല്‍ ആദ്യമായി വേര്‍തിരിച്ചത് 1886 ല്‍ ഹെന്റി മോയിസ്റ്റണ്‍ ആണ്. എഴുപത്തിനാലു വര്‍ഷത്തെ ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങളുടെ വിജയം കൂടിയാണ് ഈ വേര്‍തിരിച്ചെടുക്കല്‍ എന്നു പറയാം. രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് ഏറ്റവും കൂടുതലായ ഈ മൂലകത്തിനു പോളിങ് സ്‌കെയില്‍ പ്രകാരം ഇലക്ട്രോ നെഗറ്റീവിറ്റി നാലാണ്. ഈ മൂലകത്തിന് 1906 ലെ നൊബേല്‍ സമ്മാനം നേടിക്കൊടുത്തത് ഈ കണ്ടെത്തലാണ്. ഹൈഡ്രോ ഫ്‌ളൂറിക് ആസിഡില്‍നിന്ന് ഫ്‌ളൂറിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയക്കിടയില്‍ ഗുരുതരമായി പൊള്ളലേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഈ മൂലകത്തെ സ്വതന്ത്രാവസ്ഥയില്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പല ശാസ്ത്രജ്ഞര്‍ക്കും ജീവന്‍ തന്നെ നല്‍കേണ്ടി വന്നു. ഇത്തരക്കാര്‍ ഫ്‌ളൂറിന്‍ രക്ത സാക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു

ല്യൂട്ടേഷ്യം

റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ഏറ്റവും ഭാരവും കാഠിന്യവുമുള്ള മൂലകമാണ് ലൂട്ടേഷ്യം. പാരീസിന്റെ പഴയ പേരായ ലൂട്ടീട്ടിയയില്‍നിന്നാണ് ലൂട്ടേഷ്യത്തിന്റെ വരവ്. പല രാസപ്രവര്‍ത്തനങ്ങളിലും ഉള്‍പ്രേരകമായി ഉപയോഗിക്കുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ചാള്‍സ് ജയിംസ്, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോര്‍ജസ് അര്‍ബെയ്ന്‍, ഓസ്ട്രിയന്‍ ശാസ്ത്രജ്ഞനായ ബാരണ്‍ കാള്‍ ഔര്‍ വോണ്‍ വെല്‍സ് ബാച്ച് എന്നിവര്‍ സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ ആണ് ഈ മൂലകം കണ്ടെത്തിയത്. പെട്രോളിയ ശുദ്ധീകരണ ശാലകളിലും ഉല്‍ക്കകളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിനും ഈ മൂലകം ഉപയോഗിക്കുന്നു.

ചുവപ്പിക്കും റുബീഡിയം

റോബര്‍ട്ട് ബുന്‍സണ്‍, ഗുസ്താവ് കിര്‍ച്ചോഫ് എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത മൂലകമാണ് റുബീഡിയം. കടുംചുവപ്പ് എന്ന് അര്‍ഥം വരുന്ന റുബിഡസ് എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് മൂലകത്തിനു പേരു വന്നത്. റുബീഡിയം കത്തുമ്പോള്‍ ചുവപ്പു കലര്‍ന്ന വയലറ്റ് നിറം ലഭിക്കാറുണ്ട്്.

ആര്‍സെനിക്കിന്റെ രക്തസാക്ഷി

ആര്‍സെനിക്കോണ്‍ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ആര്‍സനിക്ക്് എന്ന പേരിന്റെ വരവ്. ലോകം വിറപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് 1821ല്‍ സെന്റ് ഹെലീന ദ്വീപില്‍വച്ച് ആമാശയ അര്‍ബുദത്താല്‍ മരണപ്പെട്ടുവെന്നാണ് നമുക്കറിയാവുന്നത.് വര്‍ഷങ്ങള്‍ കഴിഞ്ഞു ചക്രവര്‍ത്തിയുടെ മുടി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഒരു സത്യം ലോകമറിഞ്ഞത്.
രുചിയില്ലാത്ത ആര്‍സെനിക്ക് ആഴ്ചകളോളം ചെറിയ അളവില്‍ നല്‍കി അദ്ദേഹത്തെ കൊല്ലുകയായിരുന്നു. നെപ്പോളിയന്റെ മുടിനാരിഴയില്‍ സാധാരണത്തേക്കാള്‍ പതിമൂന്നിരട്ടിയായിരുന്നു ആര്‍സെനിക്കുണ്ടായിരുന്നത്. ആര്‍സെനിക്കിന് വിവിധ വകഭേദങ്ങളുണ്ട് . മഞ്ഞ,കറുപ്പ്,ചാരനിറങ്ങളില്‍ കാണപ്പെടുന്നു. ആല്‍ബര്‍ട്ട് മാഗ്നസ് ആണ് ഈ മൂലകം വേര്‍തിരിച്ചെടുത്തത്.

ആന്റിമണി കൊല്ലുമോ ?

കന്നുകാലികള്‍ ഒരു പ്രത്യേകതരം കല്ലുകള്‍ രുചിച്ചു നവോന്മേഷം കാണിക്കുന്നതായി കണ്ട ഒരു പുരോഹിതന്‍ ശിഷ്യഗണങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ആ കല്ല്് പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കി. ഇത് കഴിച്ചതോടെ ശിഷ്യന്മാരുടെ കഥ കഴിഞ്ഞു. പുരോഹിതന്മാരെ ഈ കല്ലു കൊന്നുവെന്നു മനസിലാക്കിയ ജനങ്ങള്‍ ആ കല്ലിനെ ആന്റിമങ്കെന്നു വിളിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ആ കല്ലില്‍നിന്നു വേര്‍തിരിച്ചെടുത്ത മൂലകം ആന്റിമണിയെന്ന പേരില്‍ അറിയപ്പെട്ടു. ആന്റി മണിയെന്ന മൂലകത്തിന്റെ ഉത്ഭവവുമായി പ്രചാരത്തിലുള്ളൊരു കഥയാണിത്. ആന്റി, മോണോസ് തുടങ്ങിയ ഗ്രീക്ക് പദങ്ങളില്‍നിന്നാണ് മൂലകത്തിന് പേരു ലഭിച്ചതെന്നും പറയപ്പെടുന്നു.
വെള്ളി കലര്‍ന്ന തിളക്കമുള്ള ഈ മൂലകം ചെറിയ താപ നിലയില്‍ തന്നെ ദ്രാവക -വാതക രൂപത്തിലേക്കു മാറും. പെയിന്റ് റബര്‍ തുടങ്ങിയ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന ആന്റി മണി അര്‍ധചാലക വസ്തുവിന്റെ ചാലകതയില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്നു. ലെഡ് സ്റ്റോറേജ് ബാറ്ററികളുടെയും വിവിധ ലോഹ സങ്കരങ്ങളുടേയും നിര്‍മാണത്തിന് ആന്റിമണി ഉപയോഗിക്കുന്നുണ്ട്.

സോഡിയം

ജലത്തില്‍ സോഡിയം വച്ചു നോക്കിയിട്ടുണ്ടോ? ഗോളാകൃതി പ്രാപിച്ച് തീപ്പൊരികള്‍ ചിതറി ഓടുന്നതു കാണാം. ഹൈഡ്രജന്‍ സ്വതന്ത്രമാകുന്നതിനാല്‍ ജലത്തില്‍നിന്നു വാതക കുമിളകള്‍ വരും. പ്രവര്‍ത്തന ശേഷി കൂടിയ ആല്‍ക്കലി ലോഹമായ സോഡിയം അന്തരീക്ഷത്തിലെ നീരാവിയുമായി ചേര്‍ന്ന് ഓക്‌സികരിക്കുന്നതിനാല്‍ മണ്ണെണ്ണയിലാണ് സൂക്ഷിക്കുന്നത്. സോഡിയം ഹൈഡ്രോക്‌സൈഡിനെ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കിയാണ് 1807 ല്‍ സര്‍ ഹംഫ്രിഡേവി സോഡിയത്തെ വേര്‍തിരിച്ചെടുത്തത്.ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഈ മൂലകം അത്യന്താപേക്ഷിതമാണ്. സോഡിയവും സംയുക്തങ്ങളും തീ ജ്വാലയില്‍ കാണിക്കുമ്പോള്‍ മഞ്ഞ നിറത്തില്‍ കാണപ്പെടും. സോഡിയത്തിന്റെ ലവണങ്ങള്‍ക്ക് ഭൂരിഭാഗവും ഉപ്പു രുചിയാണ് .സോഡിയത്തിന്റെ സര്‍വസാധാരണ ലവണമാണ് സോഡിയം ക്ലോറൈഡ് എന്ന കറിയുപ്പ്. സോഡിയത്തിന് ലാറ്റിന്‍ ഭാഷയില്‍ നേട്രിയമെന്നാണ് പറയുന്നത്. ഇതില്‍ നിന്നാണ് മൂലകത്തിന്റെ പ്രതീകമായ ചമ യുടെ വരവ്. സോഡിയം കാര്‍ബണേറ്റടങ്ങിയ ഒരു ധാതുവിന് ഗ്രീക്ക് ഭാഷയില്‍ നൈട്രോണ്‍ എന്നുവിളിച്ചിരുന്നു. നൈട്രോണില്‍നിന്നാണ് നേട്രിയത്തിന്റെ ഉല്‍പത്തി.സോഡിയം സംയുക്തങ്ങളെ സോഡ എന്ന് ആദ്യ കാലത്തു തന്നെ വിളിച്ചിരുന്നു.

ഭൂതമായി വന്ന കൊബാള്‍ട്ട്

ജര്‍മന്‍കാര്‍ കൊബാള്‍ട്ടിനെ ഭയന്നിരുന്നൊരു കാലമുണ്ടായിരുന്നു. കൊബാള്‍ട്ട് ഭൂതമാണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. കൊബാള്‍ട്ട് ഖനനത്തിനിടെ പലര്‍ക്കും അസുഖം ബാധിച്ചതായിരുന്നു ഇതിനു പിന്നിലെ കാരണം. നേര്‍ത്ത ചാര നിറമാണ് കൊബാള്‍ട്ടിന് .പുരാതന കാലത്തുതന്നെ കൊബാള്‍ട്ട് വ്യാപകമായിരുന്നുവെങ്കിലും ജോര്‍ജജ്് ബ്രാന്‍ഡറ്റ് എന്ന സ്വീഡിഷ് കെമിസ്റ്റിനാണ് കൊബാള്‍ട്ട് കണ്ടുപിടിച്ചതിനുള്ള അംഗീകാരം. ദുര്‍ഭൂതം എന്ന് അര്‍ഥം വരുന്ന കൊബോള്‍ഡ് എന്ന ജര്‍മന്‍ വാക്കില്‍നിന്നാണ് കൊബാള്‍ട്ട് എന്ന പേരിന്റെ വരവ്. സള്‍ഫറുമായും ആര്‍സെനിക്കുമായും ചേര്‍ന്ന് ഇവ പ്രകൃതിയില്‍ കാണപ്പെടുന്നു. വെങ്കല യുഗത്തില്‍ തന്നെ ഗ്ലാസുകള്‍ക്ക് നീല നിറം നല്‍കാനായി കൊബാള്‍ട്ട് ഉപയോഗിച്ചിരുന്നു. വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന സങ്കരയിനം സ്റ്റീലുകളുടെ മുഖ്യഘടകമാണ് ഈ മൂലകം. കൊബാള്‍ട്ട് 60 കാന്‍സര്‍ ചികിത്സയിലും കൊബാള്‍ട്ട് ബ്ലൂ എന്ന സംയുക്തം പെയിന്റ്, മഷി, ഗ്ലാസ് എന്നിവയില്‍ കടും നീല നിറം നല്‍കാനും ഉപയോഗിച്ചുവരുന്നു .

സ്രഷ്ടാവിനെ കൊന്ന സൃഷ്ടി

റേഡിയോ ആക്ടീവ് സ്വഭാവമുള്ള മൂലകമാണ് റേഡിയം. റേഡിയസ് എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് മൂലകത്തിനു പേര് ലഭിച്ചത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ റേഡിയോ തെറാപ്പിയില്‍ ഈ മൂലകം ഉപയോഗിക്കുന്നുണ്ട്. ഈ മൂലകം വേര്‍തിരിച്ചെടുത്തതിന്റെ പേരില്‍ 1911ല്‍ മേരി ക്യൂറിക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. റേഡിയം വേര്‍തിരിച്ചതോടു കൂടി ലോകത്തിന്റെ പലഭാഗത്തുനിന്നും മൂലകത്തിന്റെ നിര്‍മാണ അവകാശങ്ങള്‍ക്കായി പലരും ക്യൂറിയെ സമീപിച്ചിരുന്നു. എന്നാല്‍ വിജ്ഞാനം ധനസമ്പാദനത്തിനുള്ള മാര്‍ഗമല്ലെന്നു പറഞ്ഞ അവര്‍ നിര്‍മാണ രഹസ്യങ്ങള്‍ പൊതു ജനങ്ങള്‍ക്കുമുന്നില്‍ പരസ്യമാക്കി. വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങള്‍ മൂലം മാരകമായ റേഡിയേഷന്‍ ബാധ ക്യൂറിയുടെ ആരോഗ്യത്തെ തകര്‍ത്തു. അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം. 1934 ജൂലൈ നാലിനായിരുന്നു മേരി ക്യൂറിയുടെ അന്ത്യം. റേഡിയത്തിനു മുമ്പേ പൊളോണിയം എന്ന മൂലകവും മേരി ക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും ചേര്‍ന്ന് കണ്ടെത്തിയിരുന്നു.

രാസസൂര്യന്‍ മഗ്നീഷ്യം

ഉന്നത താപനിലയില്‍ വെളുത്ത പ്രകാശം പുറപ്പെടുവിക്കുന്ന ഈ മൂലകത്തെ രാസസൂര്യന്‍ എന്നു വിളിക്കാറുണ്ട്. ജോസഫ് ബ്ലാക്ക് ആണ് കണ്ടെത്തിയതെങ്കിലും മഗ്നീഷ്യം ഓക്‌സൈഡും മെര്‍ക്കുറിക് ഓക്‌സൈഡും ചേര്‍ന്ന മിശ്രിതത്തെ വൈദ്യുത വിശ്ലേഷണത്തിന് വിധേയമാക്കി ശുദ്ധമായ രീതിയില്‍ വേര്‍തിരിച്ചെടുത്തത് ഹംഫ്രിഡേവിയാണ്. മഗ്നീഷ്യം ക്ലോറൈഡിനെയും പൊട്ടാസ്യത്തേയും ചേര്‍ത്തു ചൂടാക്കി അന്റോണിയോ ബസ്സി എന്ന ഫ്രഞ്ച് കെമിസ്റ്റ് തനതായ രീതിയില്‍ മഗ്നീഷ്യത്തെ വേര്‍തിരിച്ചെടുത്തു. ഗ്രീസിലെ മഗ്നേഷ്യ എന്ന സ്ഥലനാമത്തില്‍നിന്നാണ് മഗ്നീഷ്യം എന്ന പേരു വന്നത്. പന്ത്രണ്ടാണ് ആറ്റോമിക നമ്പര്‍. മനുഷ്യ ശരീരത്തിലെ എന്‍സൈമുകള്‍ സസ്യങ്ങളിലെ ഹരിതകങ്ങള്‍ എന്നിവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.


വനേഡിയം

സ്‌കാന്‍ഡിനേവിയക്കാരുടെ സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയയായ വനേഡിയത്തിന്റെ പേരില്‍നിന്നാണ് മൂലകത്തിന്റെ പേരിന്റെ ഉത്ഭവം.
സ്പാനിഷ് ശാസ്ത്രജ്ഞനായ ആന്‍ഡ്രിസ് ഡെല്‍ റിയോയാണ് ആദ്യം വനേഡിയം കണ്ടെത്തിയത് . ബ്രൗണ്‍ റെഡ് എന്നു വിളിക്കപ്പെട്ട മൂലകത്തെ അന്ന് അദ്ദേഹം വിളിച്ചത് എരിത്രോണിയം എന്നായിരുന്നു.താന്‍ കണ്ടു പിടിച്ചത് ശുദ്ധമല്ലാത്ത ക്രോമിയം എന്നാണ് ഡെല്‍ റിയോ കരുതിയത്.

പിന്നീട് സ്വീഡിഷ് ശാസ്ത്രജ്ഞനായ നീല്‍സ് ഗബ്രിയേല്‍ സെഫ്‌സ്ട്രം പുതിയൊരു മൂലകമെന്ന രീതിയില്‍ വനേഡിയം കണ്ടെത്തിയതോടെയാണ് ഡെല്‍ റിയോ കണ്ടെത്തിയത് വനേഡിയമായിരുന്നെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടത്.

സീസിയം

റോബര്‍ട്ട് ബുന്‍സനും ഗുസ്താവ് കിര്‍ച്ചോഫും കണ്ടെത്തി. സീസിയസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സീസിയം എന്ന പേരു ലഭിച്ചത്. ജലവുമായി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂലകം വായുവില്‍ തുറന്നുവച്ചാല്‍ ഉരുകുകയും തീ പിടിക്കുകയും ചെയ്യുന്നു. ആറ്റോമിക് സെല്ലുകളിലെ അവിഭാജ്യ ഘടകമാണ് സീസിയം.

കൊലപാതകി യുറേനിയം

സൗരയൂഥ ഗ്രഹങ്ങളിലൊന്നായ യുറാനസില്‍നിന്നാണ് മൂലകത്തിനു പേരു ലഭിച്ചത്. അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബായ ലിറ്റില്‍ ബോയ് യുറാനിയത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു. ശുദ്ധീകരിച്ച യുറേനിയത്തിന് വെള്ളി നിറമാണ്. ഉയര്‍ന്ന സാന്ദ്രതയും അണുഭാരവുമുള്ള യുറേനിയം ന്യൂക്ലിയര്‍ ഫിഷനു വിധേയമാക്കാവുന്ന മൂലകമാണ്. 1789 ല്‍ മാര്‍ട്ടിന്‍ ഹെന്‍ റിച്ച് ക്ലാപ്രോത്ത് ആണ് ഈ മൂലകത്തെ കണ്ടെത്തിയത്. യൂജിന്‍ മെല്‍ഷല്‍ പീലിയറ്റ് മൂലകം വേര്‍തിരിച്ചെടുക്കുകയും 1896ല്‍ അന്റോണിയോ ഹെന്റി ബേക്കറല്‍ യുറേനിയത്തിന്റെ റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തുകയും ചെയ്തു. പിന്നീട് ഹെന്റിക്കോ ഫെര്‍മിയാണ് യുറാനിയം ആണവ ഇന്ധനത്തിന് അനുയോജ്യമാണെന്നു പരീക്ഷിച്ചറിഞ്ഞത്. യുറാനിയത്തിന്റെ ഐസോടോപ്പായ യുറാനിയം 235 ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ വഴിയായിരുന്നു ബോംബില്‍ ഊര്‍ജം ഉല്‍പാദിപ്പിച്ചത്. ആണവ ഇന്ധനത്തില്‍ കടത്തിവിടുന്ന ന്യൂട്രോണുകള്‍ ബന്ധനോര്‍ജ്ജം കൂടിയ മറ്റൊരു മൂലകമാകാനുള്ള പരിശ്രമത്തില്‍ വിജയിച്ചപ്പോഴാണ് ഊര്‍ജ രൂപത്തില്‍ നിരവധി പേര്‍ ഹിരോഷിമയില്‍ കൊല്ലപ്പെട്ടത്. പിന്നീട് ലോകചരിത്രത്തില്‍ സംഭവിച്ച പല ആണവ ദുരന്തങ്ങള്‍ക്കു പിന്നിലും ഈ മൂലകത്തിന്റെ പങ്കുണ്ട്.

മെര്‍ക്കുറി തന്ന മീനാമാത

ദ്രാവകാവസ്ഥയിലുള്ള മെര്‍ക്കുറിയുടെ പേരിന്റെ ഉത്ഭവം റോമന്‍ ദേവനായ മെര്‍ക്കുറിയുടെ പേരില്‍നിന്നാണ്. മെര്‍ക്കുറിയുടെ പേരുമായി ബന്ധപ്പെട്ടാണ് രസതന്ത്രമെന്ന ശാസ്ത്ര ശാഖാനാമം ഇന്ത്യയില്‍ പ്രചാരത്തിലായത്. മെര്‍ക്കുറി അമരത്വം നല്‍കുമെന്ന വിശ്വാസത്തില്‍ മെര്‍ക്കുറി ഗുളികകള്‍ സ്ഥിരമായി കഴിച്ച് മരണംവരിച്ച ചക്രവര്‍ത്തിയും ചൈനയിലുണ്ട്. ഈജിപതിലും റോമിലും സൗന്ദര്യവര്‍ധക ഉല്‍പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു. പുരാതന കാലത്തുതന്നെ മെര്‍ക്കുറി ചൈനയിലും ഇന്ത്യയിലും പ്രചാരത്തിലുണ്ടായിരുന്നു. 3500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈജിപ്ത്യന്‍ കല്ലറകളില്‍നിന്നു ഈ മൂലകത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ക്വിക്ക് സില്‍വര്‍ എന്നും വിളിക്കപ്പെടുന്നു. എന്നാല്‍ ഹൈഡ്രോജെറോസ് എന്ന ഗ്രീക്ക്് പദത്തിന്റെ ലാറ്റിന്‍ രൂപമായ ഹൈഡ്രോജെറത്തില്‍നിന്നാണ് മൂലകത്തിന്റെ പ്രതീകമായ ഒഴ യുടെ വരവ്. മെര്‍ക്കുറിയുടെ അമിത ഉപയോഗം മീനാമാതാ എന്ന രോഗത്തിലേക്കു നയിക്കും. ഞരമ്പുകളേയും പ്രതിരോധ ശേഷിയേയുമാണ് രോഗം ബാധിക്കുക. ശരീരഅവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനോ മരണപ്പെടാനോ സാധ്യത കൂടുതലാണ്.

ഡബ്യു ഇ സ്മിത് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വൈകല്യം ബാധിക്കപ്പെട്ട പെണ്‍കുട്ടിയുടെ കൈകകള്‍ ഈ രോഗത്തിന്റെ ചിഹ്നമായും ചിത്രീകരിക്കാറുണ്ട്.

1956 ല്‍ ജപ്പാനിലെ മീനാമാതാ നഗരത്തിലെ ചിസോ കോര്‍പറേഷന്‍ ഫാക്ടറിയില്‍നിന്നു നദിയിലേക്കൊഴുക്കിയ മീഥൈല്‍ മെര്‍ക്കുറി കലര്‍ന്ന മലിന ജലമായിരുന്നു നിരവധി പേരുടെ ജീവന്‍ നഷ്ടമാക്കിയത്. നദിയില്‍നിന്ന് മീന്‍ ഭക്ഷിച്ചവര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. എന്നാല്‍ ദുരന്തസമയത്ത് രോഗ കാരണം അജ്ഞാതമായിരുന്നു. മീനാമാതയില്‍ നിരവധി പെട്രോള്‍ കെമിക്കല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവയില്‍നിന്നുള്ള മാലിന്യമായിരിക്കാം രോഗ കാരണമെന്ന ഊഹാപോഹവും നിലനിന്നിരുന്നു. 1959 ല്‍ കുമാമോട്ടോ സര്‍വകലാശാല നടത്തിയ പഠനത്തില്‍നിന്നാണ് രോഗകാരണം മെര്‍ക്കുറിയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. 1932 മുതല്‍ 1968 വരെ ഷിരാനൂയി കടലിലെ കടല്‍ സമ്പത്തിനെയാകെ ബാധിച്ച മെര്‍ക്കുറി മൂലം പലരും രോഗബാധിതരായി. മൂന്നു പതിറ്റാണ്ടിലേറെ മനുഷ്യനും മൃഗങ്ങള്‍ക്കും ദുരിതം സമ്മാനിച്ച മീനമാതാ രോഗം ഡാന്‍സിംഗ് ക്യാറ്റ് ഫീവര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. രോഗം ബാധിച്ച പൂച്ചകളേറെയും വിറച്ചും പിടഞ്ഞുമാണ് ചത്തത്.

പേരിടുന്നതാരാണ് ?

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (ഐ.യു .പി.എ.സി) എന്ന പ്രസ്ഥാനമാണ് മൂലകങ്ങള്‍ക്കു പേരിടുന്നത്. പ്രതീകവും ഇവര്‍ തന്നെയാണ് നല്‍കുന്നത്. കൂടാതെ കാര്‍ബണിക -അകാര്‍ബണിക സംയുക്തങ്ങളുടെ നാമകരണവും ഐ.യു പി.എ.സിയുടെ ചുമതലയാണ്. ഒരു മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഈ കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. നിരവധി തവണ പല പാലനുകള്‍ക്കു മുന്നില്‍ ചര്‍ച്ചയും പഠനങ്ങളും നടത്തിയ ശേഷം മാത്രമേ പുതിയതായി കണ്ടെത്തിയ ഒരു മൂലകത്തെ അംഗീകരിച്ച് നാമനിര്‍ദ്ദേശം നടപ്പില്‍ വരുത്തുകയുള്ളൂ.

അലൂമിനിയം

സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്ന മൂലകമായിരുന്നു അലൂമിനിയം. അലുമെന്‍ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് അലൂമിനിയം എന്ന പേരു വന്നത്. ഭൂവല്‍ക്കത്തില്‍ ധാരാളമായി അലൂമിനിയം കാണപ്പെടുന്നു. ബോക്‌സൈറ്റ് എന്ന അയിരിലാണ് അലൂമിനിയം കൂടുതലായിട്ടുള്ളത്. വാഹനങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനും അലൂമിനിയം ഉപയോഗപ്പെടുത്തുന്നു. വായുവിലെ ഓക്‌സിജനുമായി ചേര്‍ന്നു രൂപപ്പെടുന്ന അലൂമിനിയം ഓക്‌സൈഡിന് അലൂമിനിയത്തെ അപേക്ഷിച്ച് ദ്രവണാങ്കം കൂടുതലാണ്. ദൃശ്യ പ്രകാശത്തേയും ഇന്‍ഫ്രാറെഡ് കിരണങ്ങളേയും നല്ല രീതിയില്‍ പ്രതിഫലിപ്പിക്കാനും അലൂമിനിയത്തിനു കഴിയും.

ഡാനിഷ് ശാസ്ത്രജ്ഞനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ് ശുദ്ധമല്ലാത്ത അലൂമിനിയത്തെ വേര്‍തിരിച്ചെടുത്തു. ബോക്‌സൈറ്റില്‍നിന്ന് ഏറ്റവും ലാഭകരമായ രീതിയില്‍ അലൂമിനിയം വേര്‍തിരിച്ചെടുക്കാനുള്ള മാര്‍ഗം കണ്ടുപിടിച്ചത് ചാള്‍സ് മാര്‍ട്ടിന്‍ ഹാള്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്. എന്നാല്‍ ഈ കാലയളവില്‍ തന്നെ പോള്‍ ഹെറാള്‍ട്ട് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനും സമാന രീതിയില്‍ അലൂമിനിയം വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നു. അതിനാല്‍ ഹാള്‍ ഹെറാള്‍ട്ട് പ്രക്രിയ എന്ന പേരിലാണ് അലൂമിനിയത്തിന്റെ വേര്‍തിരിച്ചെടുക്കല്‍ അറിയപ്പെടുന്നത്.

പൊട്ടാസ്യം

ഹംഫ്രി ഡേവിയാണ് പൊട്ടാസ്യത്തെ ആദ്യമായി വേര്‍തിരിച്ചത്.പോട്ട് ആഷ് എന്നവാക്കില്‍ നിന്നാണ് പൊട്ടാസ്യമെന്ന പേര് വന്നതെന്നും അതല്ല കാസ്റ്റിക് പൊട്ടാഷില്‍നിന്നും വേര്‍തിരിച്ചതിനാലാണ് ഈ പേരുവന്നതെന്നും പറയപ്പെടുന്നു.

ബ്രോമിന്‍

ബ്രോമോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ബ്രോമിന്‍ എന്ന മൂലകത്തിന്റെ പേരിന്റെ വരവ്. അന്റോയിന്‍ ബലാര്‍ഡ്, കാള്‍ ജാക്കോബ്് ലോവിഗ് എന്നീ ശാസ്ത്രജ്ഞന്മാരാണ് ബ്രോമിന്‍ കണ്ടെത്തിയത്.

ഫോസ്ഫറസ്

ജര്‍മന്‍ ശാസ്ത്രജ്ഞനായ ഹെന്നിങ് ബ്രാന്‍ഡ് ആണ്്് ഫോസ്്്ഫറസ്് കണ്ടുപിടിച്ചത്. കറുത്ത ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, വെളുത്ത ഫോസ്ഫറസ് എന്നിങ്ങനെ ഫോസ്ഫറസിന് വിവിധ വക ഭേദങ്ങളുണ്ട്്. ഫോസ്ഫറസ് എന്നത് ശുക്രഗ്രഹത്തിന്റെ പുരാതന പേരാണ്.

ബെറിലിയം

ഗ്രീക്ക് ഭാഷയിലെ ബെറില്ലോസ്്, ബെറില്‍ എന്നീ പദങ്ങളില്‍ നിന്നാണ് ബെറിലിയം എന്ന വാക്കിന്റെ പിറവി. ലൂയിസ് വാക്വലിന്‍ ആണ്് ഓക്‌സൈഡ് രൂപത്തില്‍ കണ്ടെത്തിയത്.

ഗാലിയം

ഫ്രാന്‍സിന്റെ പഴയ പേരായ ഗ്വോളിയില്‍നിന്നാണ് ഗാലിയത്തിന്റെ വരവ്. ബ്ലോയിസ് ബ്രോഡ്രന്‍ എന്ന ശാസ്ത്രജ്ഞനാണ് ഗാലിയം കണ്ടെത്തിയത്.

താലിയം

ഗ്രീക്ക് ഭാഷയിലെ താലോസ് എന്ന പദത്തില്‍നിന്നാണ് താലിയത്തിനു ഈ പേരു ലഭിച്ചത്. താലോസ് എന്ന പദത്തിനു പച്ച തളിരില, മരക്കമ്പ് തുടങ്ങിയ അര്‍ഥങ്ങളുണ്ട്്. വില്യം ക്രൂക്‌സ് ആണ്് ഈ മൂലകം കണ്ടെത്തിയത്.

ജര്‍മേനിയം

ജര്‍മനിയുടെ പേരില്‍നിന്നാണ് ജര്‍മേനിയത്തിനു പേരു ലഭിച്ചത്. ക്ലെമന്‍സ് വിങ്ക്‌ളര്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ മൂലകം കണ്ടെത്തിയത്.
ബിസ്മത്ത്

ക്ലൗഡ് ജിയോ ഫ്രോയ് ആണ് ഈ മൂലകം കണ്ടെത്തിയത്. ജര്‍മന്‍ ഭാഷയിലെ ബിസ്മത്തം എന്ന വാക്കില്‍നിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്.

സ്‌കാന്‍ഡിയം

ലാര്‍സ്് ഫ്രെഡ്രിക് നില്‍സണ്‍ ആണ് ഈ മൂലകം ആദ്യമായി വേര്‍തിരിച്ചെടുത്തത്. സ്‌കാന്‍ഡിനേവിയ എന്ന സ്ഥലത്തിന്റെ പേരില്‍നിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്.ബള്‍ബുകളുടെ നിര്‍മാണത്തിനായി ചെറിയ തോതില്‍ ഉപയോഗിക്കപ്പെടുന്നു.

ഓസ്മിയം

ഓസ്‌മെ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓസ്മിയം എന്ന വാക്കിന്റെ വരവ്.ഈ പദത്തിന് രൂക്ഷ ഗന്ധം.എന്നാണര്‍ഥം. പ്രകൃത്യാലുള്ള മൂലകങ്ങളില്‍ ഏറ്റവും സാന്ദ്രത കൂടിയ മൂലകമാണിത്. സ്്മിത് സണ്‍ ടെന്നന്റ്് എന്ന ഇംഗ്ലീഷ് കെമിസ്റ്റാണ് ഈ മൂലകം കണ്ടെത്തിയത്.

ഐന്‍സ്റ്റീനിയം

റേഡിയോ ആക്ടീവ് മൂലകമായ ഐന്‍സ്റ്റീനിയത്തിന് ആ പേരു വന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പേരില്‍നിന്നാണ്. ഗിയോര്‍സെയും സംഘവുമാണ് ഈ മൂലകം വികസിപ്പിച്ചെടുത്തത്. ആദ്യത്തെ ഹെഡ്രജന്‍ ബോംബിന്റെ അവശിഷ്ടങ്ങളില്‍നിന്നാണ് ഈ മൂലകം കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago