കേരള ചരിത്രത്തിലാദ്യമായി മെഡി. കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ മുപ്പതുലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണു മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. വൈകുന്നേരം 5.30ഓടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിച്ചത്. സങ്കീര്‍ണതയനുസരിച്ച് ആറുമുതല്‍ 12 മണിക്കൂര്‍ വരെയെടുക്കും. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ സജ്ജമാക്കിയിരുന്നു. മസ്തിഷ്‌ക്കമരണം സംഭവിച്ച പാറശാല, പരശുവയ്ക്കല്‍, മലഞ്ചിത്ത് പുത്തല്‍വീട്ടില്‍ ധനീഷ് മോഹന്റെ കരളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിന്(60) മാറ്റിവച്ചത്. ധനീഷ്‌മോഹന്റെ രണ്ട് വൃക്കകളും ദാനം ചെയ്തു.
കൂലിപ്പണിക്കാരനായ മോഹന്‍രാജിന്റേയും വിജയകുമാരിയുടേയും രണ്ടുമക്കളില്‍ ഇളയമകനാണ് ധനീഷ് മോഹന്‍. സഹോദരി ധന്യ മോഹന്‍ (21). രശുവയ്ക്കല്‍ തെക്കന്‍കര ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് ധനീഷിനു ഗുരുതരമായ പരുക്കേറ്റത്.
കൂട്ടുകാരനോടൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ധനീഷ് സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാറശാല താലൂക്കാശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ധനീഷിന് തീവ്രപരിചരണം നല്‍കിയെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മസ്തിഷ്‌ക്കമരണം സംഭവിച്ചു. മരണാനന്തര അവയവദാന സാധ്യതകളെപ്പറ്റി മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ ധനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. തങ്ങളുടെ മകന്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്നു പറഞ്ഞ് അച്ഛന്‍ മോഹന്‍രാജ്, സഹോദരീഭര്‍ത്താവ് ജോണി, കൊച്ചച്ഛന്‍ അനി അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു.
തുടര്‍ന്ന് അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ അനില്‍ സത്യദാസിന്റെ നേതൃത്വത്തില്‍ ദാദാവിനെ ശാസ്ത്രീയമായൊരുക്കി. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ന്ന് ധനീഷ് മോഹന്റെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി, വിനോദ് കുമാര്‍ എസ്.എല്‍, വിശാഖ് വി, ശരണ്യ എസ്. എന്നിവരടങ്ങുന്ന സംഘം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിലും കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹം സ്വദേശമായ പാറശാലയില്‍ കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."