ഇംഗ്ലണ്ടിലെ ലെവ്ട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളിയും
പത്തനംതിട്ട: ഇംഗ്ലണ്ട് നഗരമായ ലെവ്ട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യവും. പത്തനംതിട്ട വയലത്തല പള്ളിക്കല്‍ കുടുംബാംഗമായ ഫിലിപ്പ് എബ്രഹാമിനെയാണു ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു നിയോഗിച്ചത്. ലെവ്ട്ടണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിനിധിയായി ഇംഗ്ലണ്ടിലെ പ്രമുഖ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണയോടെയാണു ഫിലിപ്പ് ഡെപ്യൂട്ടി മേയറായത്.
1972ല്‍ എന്‍ജിനീയറിങ് പഠനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയ ഫിലിപ്പ് പിന്നീട് പത്രപ്രവര്‍ത്തകനും പത്രം ഉടമയുമായി. 20 വര്‍ഷമായി അവിടെ കേരളലിങ്ക് എന്ന പത്രം നടത്തുന്നു. മലയാളികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ഇദ്ദേഹം മുന്‍കൈ എടുക്കാറുണ്ട്. അവിടത്തെ കൗണ്‍സിലറെന്ന നിലയിലുള്ള ഫിലിപ്പിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണു പുതിയ സ്ഥാനം. പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ കാരള്‍ ഡേവിസാണ് ഫിലിപ്പിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. എതിര്‍സ്വരങ്ങള്‍ ഒന്നുമില്ലാതെ ഏകകണ്ഠമായിട്ടായിരുന്നു ഫിലിപ്പിനെ തെരഞ്ഞെടുത്തതെന്ന് കാരള്‍ ഡേവിസ് പറഞ്ഞു. മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ ഫിലിപ്പിന്റെ പാടവം തുണയാകുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടി.
ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പിന് ബാഡ്ജ് സമ്മാനിച്ചതും കാരള്‍ ഡേവിസായിരുന്നു. ഒരു വര്‍ഷത്തിനുളളില്‍ ഡെപ്യൂട്ടി മേയര്‍ അടുത്ത മേയറാകുന്ന പതിവാണ് യു.കെയില്‍. അതുകൊണ്ടുതന്നെ ലെവ്ട്ടന്റെ മേയര്‍പദത്തിലേക്ക് ഫിലിപ്പ് എബ്രഹാമിന്റെ പടിയേറ്റം അടുത്തവര്‍ഷം ഉണ്ടാകുമെന്നു സ്വാഭാവികമായി അനുമാനിക്കാം. അങ്ങനെയെങ്കില്‍ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന ഖ്യാതിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ലെവ്ട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് 2012ലാണ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ പള്ളിക്കല്‍ പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."