അനധികൃത നിര്‍മാണപ്രവൃത്തികള്‍ക്കെതിരേ;ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍
കല്‍പ്പറ്റ: ജില്ലയിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി നിര്‍ദേശിച്ചു. ബാണാസുരസാഗര്‍ ഡാം പരിസരത്ത് നടന്ന അനധികൃത നിര്‍മാണ പ്രവൃത്തിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നവാര്‍ത്ത സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകള്‍, നീരുറവകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളുടെ സമീപപ്രദേശങ്ങളില്‍ നാടിനെയും മണ്ണിനെയും ബാധിക്കുന്ന തരത്തില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണം. ഇവ സംബന്ധിച്ച് ദുരിന്തനിവാരണ അതോറിറ്റിക്ക് അറിയിപ്പും നല്‍കണം. ടൂറിസം വളരേണ്ടത് ആവശ്യമാണെങ്കിലും അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാണെങ്കില്‍ തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ണെടുപ്പ്, കെട്ടിടനിര്‍മാണം തുടങ്ങിയവക്ക് അനുമതി നല്‍കിക്കഴിഞ്ഞാലും അനുവദനീയമായ പരിധി ലംഘിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
വീടുവെക്കാന്‍ അനുമതി വാങ്ങിയശേഷം തരംമാറ്റി വാണിജ്യ കെട്ടിടമാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാം സേഫ്റ്റി അതോറിറ്റിയുടെ നിരാക്ഷേപപത്രം നേടിയിട്ടുള്ള അപേക്ഷകര്‍ക്ക് മാത്രമെ പഞ്ചായത്ത് നിര്‍മാണാനുമതി നല്‍കാവൂ. അനുമതി വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അനധികൃത നിര്‍മാണ പ്രവൃത്തികള്‍ കണ്ടാല്‍ ജില്ലാഭരണകൂടത്തെ അറിയിക്കണം. ആരോപണവിധേയമായ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഡാമുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പരിശോധിക്കാനും ചട്ടലംഘനമുള്ളവ നിര്‍ത്തിവെച്ച് റിപ്പോര്‍ട്ടു ചെയ്യാനും കലക്ടര്‍ നിര്‍ദേശിച്ചു. അനുമതിയുള്ളതാണെങ്കില്‍ പോലും ഡാം പരിസരത്ത് നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കെ.എസ്.ഇ.ബി അധികൃതരെ ചുമതലപ്പെടുത്തി. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എ ഗോപകുമാര്‍, പഞ്ചായത്ത്-റവന്യൂ-കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."