ജലക്ഷാമം; നാദാപുരത്ത് തോടുകളുടെ നവീകരണം ഊര്‍ജിതം
നാദാപുരം: ജല ദൗര്‍ലഭ്യത മുന്നില്‍ കണ്ടു നാദാപുരത്ത് തോടുകളുടെ നവീകരണം ഊര്‍ജിതമാക്കി. പുളിക്കൂല്‍ തോടിന്റെ നവീകരണമാണ് നാട്ടുകാര്‍ ഏറ്റെടുത്തുനടത്തുന്നത്. നാദാപുരത്തെ ഏക ജലസ്രോതസായി നരിക്കാട്ടേരിയില്‍ നിന്നും ചേലക്കാട് കുമ്മങ്കോട് വഴി ഒഴുകിയെത്തുന്ന പുളിക്കൂല്‍ തോടാണ് നിലവിലുള്ളത്. വര്‍ഷങ്ങളായുള്ള അവഗണന കാരണം തോടിന്റെ ഇരുപാര്‍ശ്വങ്ങളും അന്യാധീനപ്പെടുകയും മണ്ണ് നിറഞ്ഞു ജലസംഭരണശേഷി കുറഞ്ഞു വരികയുമാണ്.
ഇതേ തുടര്‍ന്നു വാര്‍ഡടിസ്ഥാനത്തില്‍ സംരക്ഷണ സമിതികള്‍ രൂപീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പതിനെട്ടാം വാര്‍ഡില്‍ നേരത്തെയുണ്ടായിരുന്ന താല്‍ക്കാലിക ബണ്ടും പരിസരവും ചെളി നീക്കി വൃത്തിയാക്കുകയും ബണ്ടിനുള്ളില്‍ തടയണ സ്ഥാപിച്ചു വെള്ളം തടഞ്ഞു നിര്‍ത്തിയുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. നാദാപുരം ആശുപത്രിക്കു സമീപം ഇരുപത്തൊന്നാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ കക്കംവെള്ളിവരെ ചെളിനീക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
തെരുവത്ത് അസീസ്, എ.ടി.കെ സുരേഷ്, ഹാരിസ് മാത്തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തോട് കടന്നുപോകുന്ന 17,20 വാര്‍ഡുകളിലെ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ തോടിന്റെ മറ്റു ഭാഗങ്ങളിലെ ചെളി നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നീക്കം ചെയ്യുന്ന മാലിന്യങ്ങളും ചെളികളും നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതു പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇവ ഇപ്പോള്‍ തോട്ടരുകില്‍ തന്നെയാണ് കൂട്ടിയിടുന്നത്. കാടും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ യുള്ള മാലിന്യങ്ങളും നീങ്ങുന്നതോടെ തോടിന്റെ പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിസരവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."