പിതാവിനും മകനും യാത്രാമൊഴിയേകി നിറമിഴികളോടെ ഒരു ഗ്രാമം
ഓച്ചിറ: കഴിഞ്ഞ ദിവസം രാത്രിയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പിതാവിനും മകനും നിറമിഴികളോടെ മേമന ഗ്രാമം യാത്രാമൊഴിയേകി. ജീവിത പ്രാരാബ്ധത്തില്‍ നിന്നും കരകയറാന്‍ രാവും പകലും ഒരു പോലെ കഷ്ടപ്പെടുന്നതിനിടെയാണ് കുടുംബത്തിന്റെ അത്താണിയായ ഈരിയ്ക്കല്‍ വീട്ടില്‍ അബദുല്‍ സത്താറിനെയും(40) മകന്‍ ആദിലി(14)നെയും മരണം തട്ടിയെടുത്തത്. സത്താറും ആദിലും നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു. ഏതു കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സത്താറിന്റേയും മകന്റെയും മരണവാര്‍ത്ത ഒരു ഞ്ഞെട്ടലോടെയാണ് ഗ്രാമം അറിഞ്ഞത്.
പഠിത്തത്തില്‍ ഏറേ സമര്‍ഥനായ ആദില്‍ ഓച്ചിറ തന്‍വീര്‍ സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞദിവസം രാത്രിയില്‍ ഓച്ചിറയിലെ ബന്ധുവിന്റെ ചെരിപ്പ് കടയിലെ ജോലിയും കഴിഞ്ഞ് ഓച്ചിറ ടൗണിലെ ശരീഅത്ത് സമ്മേളനത്തിലും പങ്കെടുത്ത് മകനുമൊത്ത് വീട്ടിലേക്ക് വരുന്ന വഴിയില്‍ കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ഇരുവരേയും കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി 1.30ഓടൊ മൃതദേഹങ്ങള്‍ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.
ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ വിലാപയാത്രയായി വീട്ടില്‍ കൊണ്ടുവന്നു. ഭാര്യ നബീസത്ത്, മക്കളായ ആലിയ, അത്തീഫ് എന്നിവരുടെയും ബന്ധുക്കളുടെയും വിലാപം കണ്ടുനിന്നവരെ കരയിച്ചു. 3.30 ന് ഓച്ചിറ വടക്കേപള്ളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഖബറടക്കം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."