സിറിയയിലും യമനിലും ഐ.എസ് ഭീകരാക്രമണം
ദമസ്കസ്: സിറിയയില്‍ വിവിധയിടങ്ങളില്‍ ഐ.എസ് നടത്തിയ ഭീകരാക്രമണങ്ങളില്‍ 120ലേറെ പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായിരുന്നു ആക്രമണങ്ങള്‍. ആശുപത്രികള്‍, തിരക്കേറിയ പ്രദേശങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ കാര്‍ബോംബ്, ചാവേര്‍ ആക്രമണങ്ങളില്‍ 65 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
ലഡാക്കിയ പ്രവിശ്യയിലെ ടാര്‍റ്റസ്, ജബല ഏരിയകളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടന്നത്. ഇവിടങ്ങളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ജബലയില്‍ ബസ്സ്റ്റാന്‍ഡിനടുത്തു ചാവേര്‍ പൊട്ടിത്തെറിച്ച് ഒട്ടേറെ പേര് കൊല്ലപ്പെട്ടു. ഇവിടത്തെ പ്രധാന ആശുപത്രി കവാടത്തിലും ചാവേറുകള്‍ പൊട്ടിത്തെറിച്ചു. സംഭവങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
സന്‍ആ: യമനില്‍ ഐ.എസ് നടത്തിയ ബോംബാക്രമണങ്ങളില്‍ 45 പേര് കൊല്ലപ്പെട്ടു. സൈന്യത്തില്‍ ചേരാനായി എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. തിങ്കളാഴ്ച നടന്ന രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ഏദന്‍ നഗരത്തില്‍ സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിനെത്തിയ യുവാക്കള്‍ക്കിടയിലായിരുന്നു ഒരു ബോംബ് പൊട്ടിയത്. ഇവിടെ ഇരുപതോളം പേര് കൊല്ലപ്പെട്ടു.
സൈനിക താവളത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ 45ലേറെ പേര് കൊല്ലപ്പെട്ടു. കോര്മസ്കര് ജില്ലയിലായിരുന്നു ഇരു ആക്രമണങ്ങളും.
സൈനികവേഷം ധരിച്ച നിലയിലുള്ള പരുക്കേറ്റവരെ സൈന്യം സ്ഥലത്തുനിന്നു മാറ്റുന്ന ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."