ആറളം ഫാം തൊഴിലാളികള്‍ക്ക് പകുതി ശമ്പളം ഉടന്‍ നല്‍കും
കണ്ണൂര്‍: ആറളം ഫാം തൊഴിലാളികള്‍ക്ക് മുടങ്ങിയ നവംബറിലെ ശമ്പളത്തിന്റെ പകുതി ക്രിസ്മസിനു മുമ്പ് വിതരണം ചെയ്യാന്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. 500ലേറെ തൊഴിലാളികളാണ് ഫാമിലുള്ളത്. കുറഞ്ഞ ശമ്പളം വാങ്ങുന്ന നാല്‍പതിലേറെ റബര്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫാമിന് ലഭിക്കാനുള്ള 76 ലക്ഷം രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളുണ്ടാക്കാന്‍ ഫാം എം.ഡി ടി.കെ വിശ്വനാഥന്‍ നായര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഫാമിലെ 400 ബാരല്‍ ലാറ്റെക്‌സ് റബര്‍ ലേലത്തില്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. ഫാമിലെ തരിശായ 62 ഏക്കര്‍ ഭൂമി അനുയോജ്യമായ കൃഷി നടത്തുന്നതിന് പാട്ടത്തിന് നല്‍കി കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന്റെ സാധ്യത ആരായും.
കശുമാവ് കൃഷിയുള്ള ഭൂമിയിലെ പാഴ്മരങ്ങള്‍ മുറിച്ചുമാറ്റി കൃഷി വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തും. അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കശുവണ്ടി, കുരുമുളക് സീസണ്‍ വരുന്നതോടെ ഫാമിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടര്‍ പറഞ്ഞു. ഫാമിലെ വിളവെടുപ്പ് സീസണ്‍ ആകുന്നതുവരെ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഗ്രാന്റ് തരപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
ലഭിക്കുന്ന പകുതി ശമ്പളം കാശായി തന്നെ വേണമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവില്‍ കമ്പനിയുടെ കൈവശമുള്ള 5.7 ലക്ഷം രൂപ ആ രീതിയില്‍ വിതരണം ചെയ്യുന്നതിന് പുറമെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമായത് ചെയ്യാന്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ഫാമിലെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത തൊഴിലാളികള്‍ക്ക് അക്കൗണ്ട് എടുക്കുന്നതിന് ഫാമില്‍ അടുത്ത ദിവസം തന്നെ സൗകര്യമേര്‍പ്പെടുത്തും.
ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളായി പരിഗണിക്കുക, തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 74 രൂപ കൂലി വര്‍ധന നടപ്പിലാക്കുക എന്നിങ്ങനെ തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കലക്ടര്‍ അറിയിച്ചു.
ചര്‍ച്ചയില്‍ സബ് കലക്ടര്‍ രോഹിത് മീണ, ഫാം എം.ഡി ടി.കെ വിശ്വനാഥന്‍ നായര്‍, ഫാം സൂപ്രണ്ട് എം വിജയന്‍, തൊഴിലാളി പ്രതിനിധികളായ ടി കൃഷ്ണന്‍, അഡ്വ. ബിനോയ് കുര്യന്‍, കെ.കെ ജനാര്‍ദ്ദനന്‍, സി ശ്രീധരന്‍, ആര്‍ ബാലകൃഷ്ണപ്പിള്ള, ആന്റണി ജേക്കബ്, ജോസ് കെ.ടി, സിബി, ഷാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."