മണല്‍ ശുദ്ധീകരണ വിതരണ പദ്ധതി: അട്ടിമറി നീക്കത്തിനു പിന്നില്‍ ഭരണകക്ഷിയിലെ ചേരിപ്പോര്
പൊന്നാനി : തുറമുഖ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന കടല്‍മണല്‍ ശുദ്ധീകരണ വിതരണ പദ്ധതിക്കെതിരേ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിച്ചതിന് പിന്നില്‍ പൊന്നാനി നഗരസഭാ ഭരണകക്ഷിയിലെ ചേരിപ്പോര് . ഭരണകക്ഷിയില്‍പെട്ട ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി അട്ടിമറിക്കപ്പെട്ടത് .ഇതോടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് മണല്‍ ലഭ്യമാകാനുള്ള അവസരമാണ് ഇല്ലാതായത് .
മണല്‍തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭരണകക്ഷിയില്‍പ്പെട്ടവര്‍ തമ്മില്‍ ഭിന്നതയും തര്‍ക്കവും രൂക്ഷമായിരുന്നു .ഒരു വിഭാഗം നഗരസഭാ സെക്രട്ടറിയെ തെറിവിളിക്കുകയും ചെയ്തു .ഇതിനെച്ചൊല്ലി ഭരണകക്ഷിയില്‍ പെട്ടവര്‍ ചേരിതിരിഞ്ഞ് പ്രകടനം വിളിക്കുകയും ചെയ്തിരുന്നു .നേരത്തേ അനധികൃത സൊസൈറ്റികള്‍ രൂപീകരിച്ച് മണലെടുത്ത് കൊള്ളലാഭം എടുത്തിരുന്ന ഒരു വിഭാഗം രാഷ്ട്രിയക്കാരാണ് ഇപ്പോള്‍ ഈ പദ്ധതിക്കെതിരേ കോടതിയില്‍ പോയിട്ടുള്ളത് . ഇത്തരം സഹകരണസംഘങ്ങള്‍ക്ക് മണല്‍കടവുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കടവുകള്‍ തുറമുഖവകുപ്പിന് കീഴില്‍ മാത്രമാകും .ഇത് തടയാനാണ് ഭരണകക്ഷിയിലെ പ്രബലമായ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളിലെ ചില പ്രാദേശിക നേതാക്കളും ചേര്‍ന്ന് നഗരസഭക്ക് സ്ഥിരവരുമാനമാകുമായിരുന്ന ഈ പദ്ധതി അട്ടിമറിച്ചത് .ഭരണസമിതി അധികാരത്തിലെത്തിയ നാള്‍ മുതല്‍ ഭിന്നത രൂക്ഷമാണ് .
പൂര്‍ണമായും തുറമുഖവകുപ്പിന്റെ നിയന്ത്രണത്തില്‍ കുറഞ്ഞ വിലയില്‍ മണല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് മണല്‍ ശുദ്ധികരണ പദ്ധതി . നേരത്തേ സഹകരണ സംഘങ്ങള്‍ തുറമുഖ വകുപ്പിന്റെ മണല്‍ കടവുകള്‍ നടത്തിയിരുന്നപ്പോള്‍ ഒരു ലോഡ് മണല്‍ ഇരുപതിനായിരം രൂപവരെ ഈടാക്കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് .
എന്നാല്‍ പുതിയ പദ്ധതിയില്‍ ഒരു ലോഡ് മണലിന് പതിനായിരം രൂപയാണ് ഉപഭോക്താവിന് ചിലവ് വരിക . സഹകരണസംഘങ്ങളുടെ മണല്‍കൊള്ളയെച്ചൊല്ലി നിരവധി വിവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് .മണല്‍കൊള്ളക്ക് കൂട്ട് നിന്ന ജില്ലാ നേതവിനെ പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടി അംഗങ്ങളെ പുറത്താക്കുകയും ചെയ്തിരുന്നു .മണല്‍കൊള്ളയില്‍ കണ്ണുംനട്ട് ഓരോ രാഷ്ട്രിയ പാര്‍ട്ടികളും തട്ടിക്കൂട്ട് സഹകരണസംഘങ്ങള്‍ ഉണ്ടാക്കി മണല്‍ കടവുകള്‍ ലേലം വിളിച്ചെടുക്കുകയും അത് തര്‍ക്കത്തിലെത്തി ഒടുവില്‍ ഹൈകോടതിയിലെത്തി മണല്‍ഖനത്തിന് വിലക്ക് വരികയുമായിരുന്നു മുമ്പ് നടന്നത് .ഇപ്പോള്‍ എല്ലാ മാഫിയകളെയും ഒഴിവാക്കി തുറമുഖ വകുപ്പ് നേരിട്ട് കുറഞ്ഞ വിലക്ക് മണല്‍ഖനം ചെയ്യുന്ന പദ്ധതി തുടങ്ങിയപ്പോള്‍ അത് തടഞ്ഞതും സഹകരണ സംഘങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭരണകക്ഷിയില്‍ പെട്ടവര്‍തന്നെയാണ്.
പദ്ധതിക്കെതിരേ പാരസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കോടതിയില്‍ സമീപിച്ചിട്ടുള്ളത് . എന്നാല്‍ മണലെടുപ്പ് ചുമതലയുള്ള തുറമുഖ വകുപ്പിന് പാരസ്ഥിതിക അംഗീകാരമുള്ളതിനാല്‍ കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് മറികടക്കാനാകും .
മണല്‍ ഖനനം ചെയ്യാന്‍ കരാര്‍ എടുത്ത കമ്പനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് . പക്ഷേ വിഷയം രാഷ്ട്രിയമായ പകപോക്കലായതിനാല്‍ ഇനിയും ഇതിനെതിരായ നീക്കങ്ങള്‍ ഉണ്ടായേക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."