കണ്ണൂര്‍ സര്‍വകലാശാല ബജറ്റ്: മാങ്ങാട്ടുപറമ്പില്‍ സിന്തറ്റിക് ട്രാക്കിന് 6 കോടി
കണ്ണൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്കും അക്കാദമിക്ക് സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി കണ്ണൂര്‍ സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബജറ്റ്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ അഡ്വ. സന്തോഷ് കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കു ശേഷം 2.35 കോടി രൂപ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം അംഗീകരിച്ചു.
മാങ്ങാട്ടുപറമ്പ് കാംപസിലെ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനു ആറു കോടി രൂപയും സോളാര്‍ പാനലിനും മഴവെള്ള സംഭരണിക്കുമായി 50 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. താവക്കര സെന്‍ട്രല്‍ ലൈബ്രറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായി ഒന്നരക്കോടി രൂപ നീക്കിവച്ചു. താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് കാര്‍ പാര്‍ക്കിങ്, ഇന്റര്‍ലോക്ക്, പൂന്തോട്ടം എന്നിവക്കായി രണ്ടു കോടിയും മുകള്‍നിലയില്‍ മുറികള്‍ പണിയുന്നതിനായി 11 കോടിയും മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനു രണ്ടു കോടിയും സോളാര്‍ പാനല്‍ സ്ഥാപിക്കാനും മഴവെള്ള സംഭരണിക്കുമായി ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ലൈബ്രറിയിലെ ലിഫ്റ്റ് നിര്‍മാണത്തിന് 50 ലക്ഷം നീക്കിവച്ചു
നിലവില്‍ പരാതികള്‍ നിലനില്‍ക്കുന്ന സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാനും ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കാനും എട്ടരക്കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 1.2 കോടി രൂപ അധികമാണിത്. സര്‍വകലാശാല യൂനിയന്‍ പ്രവര്‍ത്തനത്തിന് 18 ലക്ഷം രൂപയും അന്തര്‍സര്‍വകലാശാല കലോത്സവത്തിനായി അഞ്ചു ലക്ഷം രൂപയും നീക്കിവച്ചു. വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യമൊരുക്കുന്നതിനുമായി നാലു കോടി രൂപ നീക്കിവച്ചു. ഭരണഭാഷ മലയാളമാക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ 3.5കോടി നീക്കിവച്ചു.
സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ എം.കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ പി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം പ്രകാശന്‍, ഡോ. പി.ജെ ജേക്കബ്, ഡോ. ജോണ്‍ ജോസഫ്, ഡോ. വി.പി.പി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."