സംഝോത സ്‌ഫോടനം: നാലുസാക്ഷികള്‍ കൂറുമാറി
ന്യൂഡല്‍ഹി: സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും പ്രതിചേര്‍ക്കപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ നാലുസാക്ഷികള്‍ കൂടി കൂറുമാറി. പഞ്ചുകുലയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരായ സാക്ഷികളില്‍ നാലുപേരാണ് കൂറുമാറിയത്. മുഖ്യപ്രതി സ്വാമി അസിമാനന്ദയുടെ കീഴിലുള്ള ഗുജറാത്തിലെ ശബരി ധാം ആശ്രമവുമായി ബന്ധമുള്ള കിശോര്‍ ഭായ് ഗവിത്, സുനില്‍ഭായ്, മന്‍സു ഭായ്, ഫൂല്‍ചന്ത് എന്നിവരാണ് കൂറുമാറിയത്.
ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസ് 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തില്‍വച്ചാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ 68 പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും പാക് പൗരന്‍മാരാണ്.
പൊലിസിന് വിവരം ചോര്‍ത്തി നല്‍കിയ ആളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
കൊരാപുട്: പൊലിസിന് വിവരം ചോര്‍ത്തി നല്‍കുന്നുവെന്നാരോപിച്ച് ഒഡീഷയില്‍ ഒരാളെ മാവോയിസ്റ്റ് സംഘം കൊലപ്പെടുത്തി. റോഡ് നിര്‍മാണത്തിന് കൊണ്ടുവന്ന ഏഴ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
ആന്ധ്രാ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന പൊറ്റംഗി ഏരിയയില്‍ കോത്തുബു ഗ്രാമത്തിലെ ജി. അപ്പാ റാവുവിനെയാണ് ഒരു സംഘം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതിനുശേഷമാണ് റോഡ് നിര്‍മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. കൊരാപുട്, മല്‍കാന്‍ഗിരി, ശ്രീകാകുളം ഡിവിഷനുകളില്‍ നിന്ന് ഒഡിയ, തെലുങ്ക് ഭാഷകളില്‍ എഴുതിയ മാവോയിസ്റ്റ് പോസ്റ്ററുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് മേഖലയില്‍ റോഡ് നിര്‍മാണം നടത്തുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ഇത് തള്ളി റോഡ് നിര്‍മാണം തുടങ്ങിയതാണ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കാന്‍ കാരണമായത്. നാലര കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നുത്. ഇതിനെതിരേ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയവയിലൂടെ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി)നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച നോട്ടിസ് രാജ്യത്തെ എല്ലാ ആദായ നികുതി വകുപ്പ് ഓഫിസിലേക്കും അയച്ചതായി സി.ബി.ടി.ഡി ചെയര്‍മാന്‍ സുശില്‍ ചന്ദ്ര അറിയിച്ചു. നികുതി വകുപ്പിന്റെ നയരൂപീകരണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇതുസംബന്ധിച്ച വിശദീകരണത്തില്‍ സി.ബി.ടി.ഡി പറയുന്നു.
ചില ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും സി.ബി.ടി.ഡി പുറത്തിറക്കിയ നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.പി തെരഞ്ഞെടുപ്പില്‍ നോട്ട് നിരോധനം പ്രതിഫലിക്കും: അഖിലേഷ് യാദവ്
ലക്‌നോ: അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ അച്ചാദിന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി പറയുന്ന നോട്ട് നിരോധനത്തിന്റെ പ്രയാസങ്ങളായിരിക്കും മുഴച്ചു നില്‍ക്കുകയെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
പ്രധാനമന്ത്രിയുടെ സ്വപ്നമാണ് പണരഹിത സമൂഹമെന്നത്. നേരത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നത് നല്ല ദിനങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് പണരഹിത സമൂഹം യാഥാര്‍ഥ്യമാക്കുകയെന്നതാണ്. ഇത് എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ ധാരണകളില്ല. ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ്.
ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മത ചടങ്ങുകള്‍ക്ക്
വെള്ളംവിട്ടുനല്‍കല്‍: ജലനയത്തിന്
വിരുദ്ധമെന്ന് കോടതി
ന്യൂഡല്‍ഹി: മതപരമായ ചടങ്ങുകള്‍ക്ക് വെള്ളം വിട്ടുനല്‍കുന്നത് സര്‍ക്കാരിന്റെ ജലനയത്തിന് വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. കുംഭമേളയ്ക്കായി ഗോദാവരി നദിയില്‍നിന്നു വെള്ളം വിട്ടുനല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്യുന്ന ഹരജിപരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015ല്‍ നടന്ന കുംഭമേളയ്ക്കു ജലംവിട്ടുനല്‍കിയത് ചോദ്യംചെയ്ത് പൊതുപ്രവര്‍ത്തകന്‍ ഹിരലാല്‍ ദേശാര്‍ധ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ അഭയ് ശ്രീനിവാസ് ഒക്ക, എ.എ സയ്യിദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
സംസ്ഥാനം കടുത്തവരള്‍ച്ച നേരിടുമ്പോള്‍ കുംഭമേളയ്ക്കു ജലം വിട്ടുനല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ സംസ്ഥാന ജലനയ(2013)ത്തിന് എതിരാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി, വെള്ളം വിട്ടുനല്‍കാനായി കഴിഞ്ഞ ജനുവരി 28നു പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടു. കുംഭമേളയിലെ വിശുദ്ധ സ്‌നാനത്തിന് വെള്ളംവിട്ടുകൊടുക്കുന്നത്തിന് നിയമപിന്‍ബലമുണ്ടെന്നും അത് ജലനയത്തിന് വിരുദ്ധമാവില്ലെന്നും ചീഫ്‌സെക്രട്ടറി ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നോയിഡയില്‍
2.60 കോടി രൂപയും സ്വര്‍ണവും
പിടിച്ചെടുത്തു
നോയിഡ: ഡല്‍ഹിക്കടുത്ത് നോയിഡയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 2.60 കോടി രൂപയും 95 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത നോട്ടുകളില്‍ 12 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളാണ്. നികുതി വെട്ടിച്ച് കൊണ്ടുവന്ന സ്വര്‍ണത്തിന് 140 കോടി രൂപ വിലവരുമെന്നും അധികൃതര്‍ അറിയിച്ചു. ശ്രീലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയിലും ഇതിന്റെ ഉടമയുടെ വസതിയിലും നടത്തിയ റെയ്ഡിലാണ് ഇത്രയും തുക കണ്ടെടുത്തത്.
സാമ്പാറില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു
ഹൈദരാബാദ്: നല്‍ഗോണ്ട ജില്ലയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്‍ സാമ്പാറില്‍ വീണ് മരിച്ചു. തെലങ്കാനയിലെ ഇദുലുരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു കുട്ടിയുടെ മരണം. ഉച്ചഭക്ഷണത്തിനായി ഒന്നാം ക്ലാസിലെ കുട്ടികള്‍ വരിനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ തള്ളിയതാണ് മുന്നില്‍ നിന്ന കുട്ടി സാമ്പാര്‍ ചെമ്പിലേക്ക് വീഴാന്‍ കാരണമായതെന്ന് പൊലിസ് അറിയിച്ചു. അശ്രദ്ധമായി ഭക്ഷണം വിളമ്പിയതിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
സൈനിക മേധാവി സുരക്ഷ
വിലയിരുത്തി
ഇംഫാല്‍: മണിപ്പൂരില്‍ സാമ്പത്തിക ഉപരോധത്തിനിടയിലുണ്ടായ അക്രമത്തെക്കുറിച്ചും സംസ്ഥാനത്തിന്റെ സുരക്ഷയെക്കുറിച്ചും വിലയിരുത്തുന്നതിനായി സൈനിക മേധാവി ജനറല്‍ ദല്‍ബിര്‍ സിങ് സംസ്ഥാനത്തെത്തി.
നാഗാ യുനൈറ്റഡ് കൗണ്‍സില്‍ നടത്തുന്ന സാമ്പത്തിക ഉപരോധമാണ് മണിപ്പൂരില്‍ വ്യാപകമായ അക്രമത്തിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനിക മേധാവി അസമിലും എത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഈ മേഖലയിലെ സൈനിക മേധാവികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ അന്തരീക്ഷ
മലിനീകരണം രൂക്ഷം
കൊല്‍ക്കത്ത: ഡല്‍ഹിയേക്കാള്‍ ഗുരുതരമായ അന്തരീക്ഷ മലിനീകരണമാണ് കൊല്‍ക്കത്തിയിലുള്ളതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഏതാനും ദിവസങ്ങളായി രൂക്ഷമായ മലിനീകരണമാണ് കൊല്‍ക്കത്ത നഗരത്തിലുള്ളത്.
മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പ്രഭാത സവാരിക്കിറങ്ങരുതെന്ന് ജനങ്ങളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള ഡീസല്‍പുക അപകടകരമായ രീതിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ടാറ്റക്കെതിരേ
അപകീര്‍ത്തി കേസുമായി
നുസ്‌ലി വാഡിയ
മുംബൈ: ടാറ്റ കെമിക്കല്‍സിന്റെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ നുസ്‌ലി വാഡിയ ടാറ്റക്കെതിരേ അപകീര്‍ത്തി കേസുമായി കോടതിയിലേക്ക്. ഓഹരി ഉടമകളുടെ വോട്ടിങിനു ശേഷമാണ് വാഡിയയെ പുറത്താക്കാന്‍ തീരുമാനിച്ചത്. 75.67 ശതമാനം ഓഹരി ഉടമകളും വാഡിയയെ മാറ്റുന്നതിനുള്ള പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
എന്നാല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതുമായുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ അപകീര്‍ത്തികരമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നുസ്‌ലി വാഡിയ ടാറ്റക്കും ടാറ്റ സണ്‍സിനുമെതിരേ മാനഷ്ട കേസ് ഫയല്‍ ചെയ്തത്. 3,000 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."