മൂന്നര പതിറ്റാണ്ടിനുശേഷം ചേര്‍ത്തലക്ക് പി തിലോത്തമനിലൂടെ മന്ത്രി പദവി
മുഹമ്മ: മൂന്നര പതിറ്റാണ്ടിനുശേഷം ചേര്‍ത്തല മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷത്തിന് സംസ്ഥാന മന്ത്രിസ്ഥാനം. പി തിലോത്തമനിലൂടെ ചരിത്രമുഹൂര്‍ത്തത്തിന് വേദിയാവുകയാണ് ചേര്‍ത്തല . ജില്ലയില്‍ സി.പി.ഐ പ്രതിനിധിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതും ഈ കാലയളവില്‍ ഇതാദ്യം.
1980ലാണ് അവസാനം നിയമസഭയില്‍ ചേര്‍ത്തലയെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷക്കാരന്‍ മന്ത്രിയായത്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച സി.പി.ഐയിലെ പി.എസ് ശ്രീനിവാസനാണ് അന്ന് മന്ത്രിസഭാംഗമായത്. റവന്യു, ഫിഷറീസ് വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. ജനതാപാര്‍ട്ടിയിലെ ജോസഫ് മാത്തനെ പരാജയപ്പെടുത്തിയാണ് പി.എസ് ശ്രീനിവാസന്‍ വിജയിച്ചത്.
പിന്നീട് 1991 ല്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയെ തോല്‍പിച്ച് സി.പി.ഐയിലെ സി.കെ ചന്ദ്രപ്പന്‍ നിയമസഭയിലെത്തിയെങ്കിലും എല്‍ .ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് എ.കെ ആന്റണിയാണ് 1996ലും 2001ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത്. രണ്ടുവട്ടവും മുതിര്‍ന്ന സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പനാണ് പരാജയപ്പെട്ടത്. ആദ്യതവണ മുഖ്യമന്ത്രിയായ ആന്റണി അടുത്തഘട്ടത്തില്‍ പ്രതിപക്ഷനേതാവുമായി. മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിക്കുന്നത് തിലോത്തമന്റെ കന്നിവിജയത്തിലൂടെ 2006ലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ജില്ലയില്‍ സി.പി.ഐക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതും 36 വര്‍ഷത്തിനുശേഷം ഇത്തവണയാണ്. 1970 ല്‍ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച ടി വി തോമസാണ് അവസാനം മന്ത്രിയായത്. എ.കെ ആന്റണിയാണ് ഒടവില്‍ ചേര്‍ത്തലയെ പ്രതിനിധീകരിച്ച മന്ത്രി. 2001 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി.
മുമ്പ് വയലാര്‍ രവി, എം കെ രാഘവന്‍,കെ ആര്‍ ഗൗരിയമ്മ എന്നിവരാണ് ഇവിടെനിന്ന് മന്ത്രിമാരായത്. സംസ്ഥാന ഭരണസാരഥികളില്‍ ഒരാളായി പി തിലോത്തമന്‍ എത്തുമെന്നറിഞ്ഞതോടെ ചേര്‍ത്തലക്കാര്‍ ആഹ്ലാദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."