പുതിയ നിബന്ധനകള്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു
കഞ്ചിക്കോട്: ജില്ലയില്‍ സപ്ലൈക്കോ വഴിയുള്ള രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അക്ഷയകേന്ദ്രം വഴിയോ നേരിട്ട് ഓണ്‍ലൈനിലോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഐ.എഫ്.എസ്.സി കോഡുള്ള ബാങ്കുകളുടെ അക്കൗണ്ട് നമ്പര്‍ മാത്രമേ രജിസ്‌ട്രേഷന് സ്വീകരിക്കുകയുള്ളു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാവുന്ന നിബന്ധനയാണിത്. നിലവില്‍ പകുതിയിലേറെ കര്‍ഷകര്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. നിബന്ധന കര്‍ശനമാക്കിയതോടെ പുതിയ ബാങ്ക് അക്കൗണ്ട് ചേരേണ്ട സ്ഥിതിയാണ്. ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്. നമ്പര്‍ നല്‍കിയാല്‍ മാത്രമേ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടക്കാനാവൂ. ആധാര്‍ ഉള്ളവര്‍ക്കു മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവിലയും ലഭിക്കുകയുള്ളു. ഇക്കഴിഞ്ഞ ഒന്നാംവിളയ്ക്ക് 39,815 കര്‍ഷകരാണ് സപ്ലൈക്കോ വഴി നെല്ല് സംഭരിക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 2015-16 വര്‍ഷമാവട്ടെ 38,940 പേ ര്‍ രജിസ്റ്റര്‍ ചെയ്തു. 22.50 രൂപയ്ക്കാണ് സപ്ലൈക്കോ നെല്ല് സംഭരിക്കുന്നത്.
രണ്ടാം വിള ഇറക്കിയവരും വരള്‍ച്ചയില്‍ കൃഷി നശിച്ചിട്ടില്ലാത്തവരും രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതിയെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. പണം എത്തേണ്ട ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ തെറ്റാതെ രേഖപ്പെടുത്തണം. പാസ്ബുക്കിന്റെ കോപ്പിയും ഒപ്പം വയ്ക്കണം. രജിസ്‌ട്രേഷന്‍ ഉടന്‍ നടത്തി അപേക്ഷകള്‍ കൃഷി ഓഫിസില്‍ എത്തിക്കണം. ഒന്നാംവിള സംഭരണം പൂര്‍ത്തിയായി കഴിഞ്ഞു. സംഭരിച്ച നെല്ലിന്റെ തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് എടുക്കാന്‍ പറ്റാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. 229.65 കോടി രൂപയ്ക്കാണ് സപ്ലൈകോ സംഭരണം നടത്തിയത്. 23.35 കോടി രൂപ അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു. സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ മറ്റു ബാങ്കുകളില്‍ അക്കൗണ്ടെടുത്ത് പണം അവിടേക്ക് മാറ്റുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."