എന്‍ഡോസള്‍ഫാന്‍ പട്ടിക: അനര്‍ഹര്‍ കയറിക്കൂടിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്
(ബോവിക്കാനം)കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ മെഡിക്കല്‍ ക്യാംപുകളില്‍ തയാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 2013 മുതലാണ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്.
ഇതിനു ശേഷം മാനദണ്ഡങ്ങള്‍ പാലിച്ചാണു രോഗികളെ ഉള്‍പ്പെടുത്തിയത്. തുടക്കത്തില്‍ നടന്ന രണ്ട് ക്യാംപുകളില്‍ തയാറാക്കിയ പട്ടികയിലാണ് അപാകതകള്‍ കണ്ടെത്തിയത്.
2010ലും 2011 ലുമാണ് മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയത്. ഇതുകാരണമാണ് ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത്. ഈ രണ്ടു ക്യാംപുകളിലായി 4,782 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നാണ് അധികൃതരുടെ കണക്ക്. അപകടങ്ങളില്‍ വൈകല്യം സംഭവിച്ചവരും ചെറിയ അസുഖങ്ങള്‍ ഉള്ളവരും പട്ടികയിലുണ്ട്. ഒരു അസുഖമില്ലാത്തവര്‍പോലും പട്ടികയില്‍ കയറിക്കൂടിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
എന്‍ഡോസള്‍ഫാന്റെ പേരില്‍ പലരും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യ പട്ടികയിലുള്ളവരെ വീണ്ടും പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഓരോ പഞ്ചായത്തുകളിലെയും ദുരിതബാധിതപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ നേരില്‍ സന്ദര്‍ശിച്ചാണ് അന്വേഷണസംഘം പരിശോധ നടത്തിയത്.
പട്ടിക തയാറാക്കിയവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം ഈ മാസം 30നകം അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍ഡോസള്‍ഫാന്റെ പേരില്‍ അനര്‍ഹര്‍ സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്ന് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സംരക്ഷണ സമിതി ചെയര്‍മാനായിരുന്ന ബോവിക്കാനത്തെ എം.ഗംഗാധരന്‍ നായരുടെ പരാതിയിലാണ് വിജിലന്‍സ് പരിശോധന.
വിജിലന്‍സ് സി.ഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."