പുതുവത്സരാഘോഷ രാവില്‍ തിരൂര്‍ നഗരത്തില്‍ വാഹനങ്ങള്‍ക്ക് വിലക്ക്
തിരൂര്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുള്ളതിനാലാണ് പൊലിസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍.
തിരൂര്‍: പുതുവത്സരാഘോഷ രാവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 31ന് രാത്രി 11ന് ശേഷം തിരൂര്‍ നഗരത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുമെന്ന് പൊലിസ്.
16 പിക്കറ്റിങ് പോസ്റ്റുകളും നാല് മൊബൈല്‍ പട്രോളിങ് യൂനിറ്റുകളും മൂന്ന് ബൈക്ക് പട്രോള്‍ യൂനിറ്റുകളും സജ്ജമാക്കിയാണ് പൊലിസിന്റെ മുന്നൊരുക്കം. പുതുവത്സര തലേന്ന് രാത്രി 10 മുതല്‍ ജനുവരി ഒന്നിന് രാത്രി 10 വരെ നഗരത്തിലും പ്രശ്നബാധിത പ്രദേശങ്ങളിലും പൊലിസ് സാന്നിധ്യമുണ്ടാകും.
31ന് രാത്രി മുതല്‍ നഗരത്തിലേക്കുള്ള റോഡുകളില്‍ പിക്കറ്റിങ് തുടങ്ങാനാണ് പൊലിസ് തീരുമാനം. നഗരത്തിലേക്കെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്ന് ഡി.വൈ.എസ്.പി ജെ.ബാബു അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കെത്തുന്നവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി. അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, ബൈക്കുകളില്‍ രണ്ടിലധികം ആളുകളെ കയറ്റല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും റോഡില്‍ പടക്കം പൊട്ടിക്കുന്നതിനെതിരേയും കര്‍ശന നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."