സഊദിയില്‍ നിന്ന് വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഇല്ലെന്ന് ധനകാര്യ മന്ത്രി
ജിദ്ദ: സഊദിയില്‍ നിന്ന് വിദേശികള്‍ സ്വദേശങ്ങളിലേക്കയക്കുന്ന പണത്തിനു നികുതി ഈടാക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് സഊദി ധനകാര്യ മന്ത്രി മുഹമ്മദ് തൗജീരി.
വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഈടാക്കണമെന്ന് ശൂറായില്‍ നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അയക്കുന്ന തുകയുടെ രണ്ടു മുതല്‍ ആറു ശതമാനം വരെ ടാക്‌സ് ഈടാക്കാനായിരുന്നു നിര്‍ദ്ദേശം.
സഊദിയില്‍ സമ്പാദിക്കുന്ന പണം ഇവിടെ തന്നെ ചെലവഴിക്കുന്നതിനും സഊദിയില്‍ നിക്ഷേപം നടത്തുന്നതിനും വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശികള്‍ അനധികൃത രീതിയില്‍ അധിക ജോലികള്‍ നിര്‍വഹിച്ചു കൂടുതല്‍ പണം സമ്പാദിക്കുന്ന പ്രവണത തടയുകയുമാണ് ലക്ഷ്യമെന്നായിരുന്നു ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളൊന്നും ഉയരാതിരുന്നതിനു പുറമേ മന്ത്രിയുടെ പ്രസ്താവന കൂടി വന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണു.
നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അയക്കുന്ന പണത്തിന് പ്രത്യേക നികുതിയും ഫീസും നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."