ഇന്ത്യയെ മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77 ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരു പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം നാം അഭിമുഖീകരിച്ചിട്ടുണ്ട്.
വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകമുഖ ഹൈന്ദവ സംസ്‌കാരമാക്കി രൂപാന്തരപ്പെടുത്താന്‍ ഇവര്‍ പല മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അതില്‍ പ്രധാനം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതായ രീതിയില്‍ മാറ്റിയെഴുതുകയാണ്. ചരിത്രത്തെ തിരുത്തുക മാത്രമല്ല, വിദ്യാഭ്യാസ രംഗമാകെ കാവിവല്‍കരിക്കാനും ശ്രമം നടക്കുകയാണ്.
ഏതെങ്കിലും ജനവിഭാഗം മാത്രമല്ല നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും വളര്‍ത്തിയെടുത്തത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മതനിരപേക്ഷത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുംവിധം സിലബസ് പോലും പൊളിച്ചെഴുതി അക്കാദമിക് സ്ഥാപനങ്ങളിലെ മതനിരപേക്ഷത ചോര്‍ത്തിക്കളയാനും ഇപ്പോള്‍ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ. എ.എ. റഹിം, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമീല ഥാപ്പര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍, മാഗ്‌സാസെ പുരസ്‌കാര ജേതാവ് ടി.എം കൃഷ്ണ, എന്‍. വീരമണികണ്ഠന്‍, കെ.എസ്. ഗോപകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."