വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: പി.ടി.എയെ പ്രതിക്കൂട്ടിലാക്കി രക്ഷിതാക്കള്‍
ചങ്ങരംകുളം: കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാന്‍ കാരണം പി.ടി.എ ആണെന്ന ആരോപണവുമായി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ രംഗത്ത്. പതിനഞ്ചു ദിവസത്തേക്കു പുറത്താക്കിയ വിദ്യാര്‍ഥി കാലാവധി കഴിഞ്ഞു ക്ലാസിലേക്കു തിരികെ ചെന്നപ്പോള്‍ മടക്കിവിട്ടെന്നാണ് ആരോപണം.
പി.ടി.എ തീരുമാനപ്രകാരം ക്രിസ്മസ് പരീക്ഷയ്ക്കേ തനിക്ക് സ്കൂളില്‍ പ്രവേശിക്കാനാകൂവെന്ന് പ്രധാനാധ്യാപകന് പറഞ്ഞെന്നും ശേഷം സ്കൂളിനു സമീപമുള്ള വീട്ടിലേക്കു നടക്കുന്നതിനിടയില്‍ പി.ടി.എ പ്രസിഡന്റും സംഘവും കുട്ടിയെ ഇനി പരീക്ഷയ്ക്കു പോലും കയറ്റില്ലെന്നും സ്കൂളിലേക്കുള്ള വഴിയിലൂടെ ഇനി സഞ്ചരിക്കരുതെന്നും ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ഥി കൈയിലെ ഞരമ്പ് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, റാഗിങ് പോലുള്ള കേസുകളില്‍ സ്കൂള്‍ അധികൃതര്‍ക്കു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും പ്രധാനാധ്യാപകന് ചെയ്തതു ശരിയായ നടപടിയാണെന്നും വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചതില്‍ ഖേദമുണ്ടെന്നും പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."