കിണറുകളുടെ ശുദ്ധീകരണം ഒരു മാസത്തിനകം
കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 25നകം മൂന്നിനപരിപാടി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന ഹരിതകേരളം അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയാണ് ഇവയില്‍ ആദ്യത്തേത്. ജലം ശുദ്ധീകരിക്കാനും മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമികരോഗങ്ങള്‍ തടയാനും ഇത്തരമൊരു പദ്ധതി സഹായിക്കും. ഒരുമാസത്തിനകം ജില്ലയിലെ നഗരസഭകളിലെ കിണറുകളും ക്‌ളോറിനേറ്റ് ചെയ്യാനും യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇ മാലിന്യം ജനുവരി 25നകം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. ക്ലീന്‍ കേരള, കെല്‍ട്രോണ്‍ എന്നിവയുടെ സഹകരണത്തോടെ ഈ പദ്ധതി ഉടന്‍ നടപ്പാക്കും. പഴയ സാധനങ്ങള്‍ ശേഖരിക്കാനും കൈമാറ്റം ചെയ്യാനും സഹായിക്കുന്ന സ്വാപ് ഷോപ്പുകള്‍ ജനുവരി 25നകം എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും കൊച്ചി കോര്‍പറേഷന്റെ എല്ലാ വാര്‍ഡുകളിലും തുടങ്ങും.
ഉടന്‍ നടപ്പാക്കുന്ന ഈ പദ്ധതികള്‍ക്കു പുറമെ പല്‍സ്റ്റിക്കും ഫല്‍ക്‌സും പടിപടിയായി സമ്പൂര്‍ണമായി നിരോധിക്കാനുള്ള നടപടികളെടുക്കാനും യോഗത്തില്‍ തീരുമാനമായി.
പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കു പകരം ഫലപ്രദമായ പകരം സംവിധാനം എര്‍പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കണമെന്നും ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടാവശ്യപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗുകള്‍ നിര്‍മിക്കുന്നവരുമായും ചര്‍ച്ച ചെയ്ത് ഈ സംരംഭം ഫലവത്തായി നടപ്പാക്കും.
വിവാഹങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിവാഹസത്കാരത്തോടനുബന്ധിച്ച് സ്റ്റീല്‍ ഗല്‍സുകളും മറ്റ് പരിസ്ഥിതിസൗഹൃദവസ്തുക്കളും ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
മരം വച്ചു പിടിപ്പിക്കലിനെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. വലിയ കുളങ്ങള്‍ക്കും കനാലുകള്‍ക്കും പുറമെ ചെറിയ കനാലുകളും വൃത്തിയാക്കുന്നത് വേനല്‍ക്കാലത്ത് അനുഭവപ്പെടാവുന്ന ജലദൗര്‍ലഭ്യം തടയാന്‍ സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ചെറിയകനാലുകള്‍ വൃത്തിയാക്കുന്ന പദ്ധതികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സമീപവും അര സെന്റിലെങ്കിലും കൃഷിചെയ്യാനും പൂന്തോട്ടമൊരുക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അന്‍വര്‍സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."