നാടിന്റെ വികസന സ്വപ്‌നം പൂവണിയുന്നു: കടക്കരപ്പള്ളിയിലെ പാപ്പുപറമ്പ് പാലം യാഥാര്‍ഥ്യമായി
ചേര്‍ത്തല : കടക്കരപ്പള്ളി പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു വഴിതുറന്ന് പാപ്പുപറമ്പ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലം യാഥാര്‍ഥ്യമായതോടെ ഒരുനാട്ടിന്റെയാകെ വാഹന ഗതാഗത വികസനത്തിനുള്ള സാധ്യതകളാണു വര്‍ധിച്ചിരിക്കുന്നത്.
കടക്കരപ്പള്ളി പഞ്ചായത്തിലെ തോടുകളും ചിറകളും നിറഞ്ഞ പണ്ഡാരത്തെ പ്രദേശവും വട്ടക്കരയുടെ പടിഞ്ഞാറന്‍ പ്രദേശവും ഉള്‍പ്പെടുന്ന മൂന്ന്, 11 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ളതാണു പാലം. തോട്ടിന്റെ ഇരുകരകളിലും റോഡെത്തിയിട്ട് ദശാബ്ദങ്ങളേറെയായെങ്കിലും വാഹനഗതാഗതയോഗ്യമായ പാലം എന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ സ്വപ്നമായി അവശേഷിക്കുകയായിരുന്നു. മന്ത്രി പി തിലോത്തമന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പാലവും അനുബന്ധ റോഡും യാഥാര്‍ഥ്യമായത്.
കടക്കരപ്പള്ളി പഞ്ചായത്ത് പതിനൊന്നാംവാര്‍ഡിലെ കുരുശിങ്കല്‍ തോടിനു കുറുകെയും മുന്നാം വാര്‍ഡിലെ പുന്നയ്ക്കല്‍ തോടിനു കുറുകെയും വാഹന ഗതാഗത യോഗ്യമായ പാലങ്ങള്‍ കൂടി നിര്‍മിച്ചാല്‍ അര്‍ത്തുങ്കല്‍ തങ്കി അന്ധകാരനഴി യാത്രയ്ക്കുള്ള മറ്റൊരു വഴിയാക്കി ഇതിനെ മാറ്റാനാകും. കിഴക്ക് ദേശിയ പാതയ്ക്കും പടിഞ്ഞാറ് തീരദേശ പാതയ്ക്കും നടുക്കുള്ള പ്രധാന യാത്രാമാര്‍ഗവും ഇതാകും.
പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ ബസിലിക്കയിലെ തിരുനാളിന്റ ഭാഗമായും തങ്കി പള്ളിയിലെ വിശുദ്ധ വാരാചരണത്തിനോടനുബന്ധിച്ചും ഉണ്ടാകുന്ന വാഹനക്കുരുക്കു പരിഹരിക്കാനും ഈ വഴി ഭാവിയില്‍ ഉപകരിക്കും. പ്രദേശവാസികള്‍ക്ക് അന്ധകാരനഴി, ചെല്ലാനം വഴി എറണാകുളത്തേക്കും, അത്തുങ്കല്‍ വഴി ആലപ്പുഴയിലേക്കും വേഗത്തില്‍ എത്താനുള്ള ഗതാഗത മാര്‍ഗമായി ഇതു മാറുകയും ചെയ്യും.
മന്ത്രി പി തിലോത്തമന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മെര്‍ളിന്‍ സുരേഷ് അധ്യക്ഷയായി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സന്ധ്യാ ബെന്നി,പത്മിനി പങ്കജാക്ഷന്‍, ഇ.ബി ശശിധരന്‍, ജെ ജഗദീഷ്, ഗീതമ്മ, വിജയമ്മ, ജയിംസ് ചിങ്കുതറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."