പുതുതലമുറ കൃഷിയുടെ സംരക്ഷകരായി മാറണമെന്ന്
ചിറ്റൂര്‍: കൃഷിയെ ഒരു ലാഭക്കച്ചവടമായി മാത്രം കാണരുതെന്നും, കൃഷി ഒരു സംസ്‌കാരമാണ് അതുകൊണ്ടു തന്നെ പുത്തന്‍ തലമുറയെ ഇക്കാര്യം ബോധ്യപ്പെടുത്തി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാന്‍ കഴിയാണമെന്നും കാര്‍ഷിക വികസനവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. എന്‍.എസ്.എസ് വാര്‍ഷിക ക്യാംപിന്റെ ഭാഗമായി പട്ടഞ്ചേരി സ്‌കൂളില്‍ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചു നിര്‍മിച്ച കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശന പരിപാടിയായ അമൃതത്തിന്റെ ഉദ്ഘടാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി നഷ്ടത്തിലാവാന്‍ കാരണം ഇടനിലക്കാരുടെ ചൂഷണമാണ് കര്‍ഷകനുണ്ടാക്കുന്ന ഉല്‍പന്നത്തിനു നല്ല വില കിട്ടുന്നില്ല. കര്‍ഷകരെ ഇടനിലക്കാരുടെ ചൂക്ഷണത്തില്‍നിന്ന് രക്ഷപെടുത്തിയാല്‍ ഉല്‍പന്നങ്ങള്‍ നല്ല വില കിട്ടും. അതിന് സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തി മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കാനുള്ള നടപടികള്‍ വേണം. ഈ സര്‍ക്കാര്‍ അതിനുള്ള നടപടികളാണ് നടത്തി വരുന്നത്.
കര്‍ഷകന്റെ അധ്വാന മഹത്വത്തെ നാം അറിയണം. കേരളീയരെ മുഴുവന്‍ ഊട്ടുന്ന കര്‍ഷകനെ സംരക്ഷിക്കണം. ഇന്ന് മണ്ണിലിറങ്ങി പണിയെടുക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. അധ്വാനത്തിന് അനുസരിച്ചു വരുമാനം ഉണ്ടാക്കാന്‍ കഴിയണം. കര്‍ഷകരെ ആത്മാഭിമാനമുള്ളവരാക്കി മാറ്റാന്‍ കൃഷി വകുപ്പ് പരമാവധി ശ്രമിക്കും. അന്യനാട്ടില്‍നിന്ന് അരിയും, പച്ചക്കറിയും, പാലും, മുട്ടയും വാങ്ങി നമുക്ക് എത്രകാലം ജീവിക്കാന്‍ കഴിയും. നമുക്ക് വേണ്ടത് നാം തന്നെ ഉണ്ടാക്കണം. അല്ലെങ്കില്‍ കേരളം പട്ടിണിക്കാരുടെ നാടായി മാറും.
അന്യനാട്ടില്‍ നിന്ന് വരുന്ന ഭക്ഷ്യ വസ്തുക്കളില്‍ വിഷവും, മായവും ഉണ്ടാവും. നാമിപ്പോള്‍ വിഷം വില കൊടുത്തു വാങ്ങികൊണ്ടിരിക്കുകയാണ്. വിഷമില്ലാത്തവ നമുക്ക് തന്നെ ഉണ്ടാക്കാന്‍ പററും. എല്ലാവരും സ്വന്തം അടുക്കയിലേക്കുള്ളതെങ്കിലും കൃഷി ചെയ്യാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങണം. എല്ലാവരും ഇതിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണം.
നാളികേര കര്‍ഷകര്‍ക്ക് സംഭരിച്ച തേങ്ങയുടെ വില ഉടനെ നല്‍കും. കേരഫെഡും, സഹകരണ ബാങ്കുകളുമായി സഹകരിച്ച് നാളികേര സംഭരണം നടത്താനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. വി. മുരുകദാസ്, അഡ്വ. വി. ശില്‍പ, ശാരദ തുളസിദാസ്, കെ ജയശ്രീ, സി. സജിത, സുഗുണ, പി.എസ് ശിവദാസ് ഷാനി, കെ.സി. മാണിക്കന്‍ സംസാരിച്ചു. വി. ജി. പത്മിനി സ്വാഗതവും, ജി. പ്രിന്‍സി നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."