അനധികൃത റിക്രൂട്ട്‌മെന്റ് റാലി പൊലിസ് തടഞ്ഞു
വടകര: സ്വകാര്യ ഏജന്‍സി സംഘടിപ്പിച്ച സേനാവിഭാഗങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ് റാലി പൊലിസ് തടഞ്ഞു. ഇന്നലെ രാവിലെ വടകര ബി.ഇ.എം സ്‌കൂള്‍ പരിസരത്താണ് സംഭവം. ബറ്റാലിയന്‍ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങ് ക്യാംപ് എന്ന ഏജന്‍സിയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ റിക്രൂട്ട്‌മെന്റിനായി എത്തിച്ചത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളുമടക്കം മൂവായിത്തോളം പേരാണ് റിക്രൂട്ട്‌മെന്റിനായി പുലര്‍ച്ചെ മുതല്‍ എത്തിയത്. എന്നാല്‍ നേരം ഏറെ കഴിഞ്ഞിട്ടും സ്‌കൂള്‍ ഗേറ്റ് തുറക്കാത്തതിനാല്‍ ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു.
പൊലിസ് അനുമതി ഇല്ലാത്തതിനാല്‍ ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റിനായി സ്‌കൂള്‍ ഗ്രൗണ്ട് നല്‍കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ ഏജന്‍സിയെ അറിയിച്ചിരുന്നു.
പിന്നീടാണ് പൊലിസെത്തി ക്യാംപ് തടഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പ് ഈ ഏജന്‍സി പ്രദേശത്തെ സ്‌കൂളുകളിലെത്തി സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് എന്ന നിലയില്‍ വിദ്യാര്‍ഥികളെ നോട്ടീസ് നല്‍കി ക്ഷണിച്ചിരുന്നു. ഇവര്‍ നല്‍കിയ ടോക്കണുകളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്.
സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൗട്ട്, എന്‍.സി.സി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഇത്തരം സംഘടനകളുടെ തലപ്പത്തുള്ള അധ്യാപകരെ ഉപയോഗിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
15നും 25നും മധ്യേ പ്രായമുള്ളവര്‍ക്കായിരുന്നു അവസരം. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവരില്‍ നിന്നു പതിനഞ്ചായിരം രൂപ ഫീസായി വാങ്ങും. കൂടാതെ രജിസ്‌ട്രേഷന്‍ ഫീസായി നൂറുരൂപയും ഈടാക്കും.
മുന്നൂറ് പേര്‍ക്ക് മാത്രമാണ് ടോക്കണ്‍ നല്‍കിയതെന്നും കൂടുതല്‍ പേര്‍ എത്തിയത് എങ്ങിനെയെന്ന് അറിയില്ലെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, കേരള പൊലിസ്, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നിവയിലേക്ക് തൊഴില്‍ തേടാനുള്ള പരിശീലന കളരിയാണ് ഒരുക്കുന്നതെന്നാണ് ഇവരുടെ നോട്ടീസില്‍ പറയുന്നത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജീവന്‍ രാജ്, ഭാര്യ ഷിബി, റിട്ട. പൊലിസ് ഉദ്യോഗസ്ഥനായ ആഞ്ചലോസ് എന്നിവരാണ് ഇതിന്റെ നടത്തിപ്പുകാര്‍.
ദിവസങ്ങള്‍ക്കു മുന്‍പ് റിക്രൂട്ട്‌മെന്റ് റാലിക്ക് അനുമതി നല്‍കരുതെന്നും ഇവരെ നിരീക്ഷിക്കണമെന്നും സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സേനാവിഭാഗങ്ങളിലേക്ക് നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റ് പാടില്ലെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. അതിനാലാണ് റാലി തടഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
മറ്റു സ്ഥലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളാലാണ് റാലി മുടങ്ങിയതെന്നും ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."