മണിപ്പൂരില്‍ ഭരണം നിയന്ത്രിക്കുന്നത് തീവ്രവാദികള്‍: ഇറോം ശര്‍മിള
ഇംഫാല്‍ : മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ തീവ്രവാദികള്‍ നടത്തുന്ന ഉപരോധവും അതിനെതിരേ മണിപ്പൂരികള്‍ നടത്തുന്ന സമരവും സൃഷ്ടിച്ച പ്രക്ഷോഭവും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇറോംശര്‍മിള.
കഴിഞ്ഞ രണ്ടുമാസമായി നാഗാ തീവ്രവാദി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മണിപ്പൂരിന്റെ ഭരണം സര്‍ക്കാരിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടെന്നും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുമാസമായി മണിപ്പൂര്‍ സാമ്പത്തിക ഉപരോധത്തിലാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ് ചെയ്യുക.
അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്നതിനു പുറമെ നാലുമണി മുതല്‍ തുടങ്ങുന്ന കര്‍ഫ്യൂവും ജനങ്ങളെ വലക്കുന്നുണ്ട്.
മണിപ്പൂരിലെ നാഗ ഗോത്രവര്‍ഗക്കാരുടെ മേഖലകളെ ചേര്‍ത്ത് കൂടുതല്‍ ജില്ലകള്‍പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് അടിസ്ഥാനമെങ്കിലും മുഖ്യമന്ത്രി ഇബോബിസിങ് സര്‍ക്കാരിനെതിരായ വികാരം കൂടിയുണ്ട് ഈ പ്രക്ഷോഭങ്ങളില്‍.
സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രസര്‍ക്കാരും മണിപ്പൂരിലെ ജനങ്ങളുടെ മനസ്സും വികാരങ്ങളും മനസ്സിലാക്കുന്നില്ലെന്നും ഇന്ത്യയുടെ ഒരു ഭാഗമല്ലെന്ന നിലയിലാണ് ഭരണകൂടങ്ങള്‍ മണിപ്പൂര്‍ ജനതയോട് സമീപനങ്ങള്‍ കൈക്കൊള്ളുന്നതെന്നും ഇറോം ശര്‍മിള ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."