ഹരിതകേരളം എക്‌സ്പ്രസ് പ്രദര്‍ശന വാഹനം പര്യടനം തുടങ്ങി
ആലപ്പുഴ : മനുഷ്യനും പ്രകൃതിയുമായുള്ള ആത്മബന്ധം പുനസ്ഥാപിക്കുകയാണ് ഹരിതകേരളം ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളത്തിനായുള്ള കര്‍മപദ്ധതിയിലുള്ള ഹരിതകേരളം മിഷന്റെ പ്രചരാണാര്‍ഥം ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിതകേരളം എക്‌സ്പ്രസ് പ്രദര്‍ശന വാഹനത്തിന്റെ ജില്ലാതല ഫ്‌ളാഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്‌കാരത്തിന്റെ ഗ്രാമീണ മഹത്വം തിരിച്ചറിയണമെന്നും സമ്പന്നമായ കേരളത്തിന്റെ ഗ്രാമീണ സംസ്‌കൃതിയിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനവാഹനത്തോടൊപ്പമുള്ള കലാകാര സംഘത്തിന്റെ പ്രകടനവും ആസ്വദിച്ചശേഷമാണ് മന്ത്രി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തത്.
സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് ഹരിതകേരളം. കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ജലവും കൃഷിയും തമ്മിലുള്ള ആത്മ ബന്ധം പുനഃസ്ഥാപിക്കണം. സായിപ്പിന്റെ ഉപരിവിപ്ലവമായ ജീവിതം അനുകരിച്ച നമ്മള്‍ നല്ല മാതൃകകള്‍ കണ്ടില്ല. ജലസംരക്ഷണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ആലപ്പുഴയില്‍ ഹരിതകേരളത്തിന്റെ ഭാഗമായി 50,000 കിണറുകള്‍ ശുദ്ധീകരിക്കപ്പെടുകയാണ്. ആറുകളും കൈവഴികളും സംരക്ഷിക്കും. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള പുതുതലമുറയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി.ബാബു, നഗരസഭാംഗങ്ങളായ ആറ്റക്കുഞ്ഞ്, കരിഷ്മാ ഹാഷിം, കെ.കെ.അനില്‍കുമാര്‍, അബ്ദുള്‍ ജലീല്‍, മനാസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.എം.അലിയാര്‍, അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ അരൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്ന പ്രദര്‍ശന വാഹനം വടുതല, തണ്ണീര്‍മുക്കം, ചേര്‍ത്തല, മുഹമ്മ, മണ്ണഞ്ചേരി, എന്നിവടങ്ങളിലൂടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ എത്തിച്ചേരും. വാഹനത്തോടൊപ്പം കലാസംഘം പ്രത്യേക വാഹനത്തില്‍ അനുഗമിക്കുന്നുണ്ട്. ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ ഗായകസംഘം കൃഷി, ജൈവജീവനം തുടങ്ങിയവയുടെ പ്രാധാന്യം വിളിച്ചോതുന്ന പാട്ടുകള്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ ഒരു സ്ഥലത്തെങ്കിലും എക്‌സ്പ്രസ് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."