തദ്ദേശമിത്രം; 10 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം പദ്ധതികള്‍ 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം
കല്‍പ്പറ്റ: തദ്ദേശമിത്രം പദ്ധതിയില്‍ ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ 10 കോടി ചെലവു വരുന്ന പദ്ധതികള്‍ക്ക് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളുടെ രണ്ടുകോടി രൂപ വീതമുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 15 ഗ്രാമ പഞ്ചായത്തുകള്‍ക്കും രണ്ട് മുന്‍സിപ്പാലിറ്റികള്‍ക്കും രണ്ടാം ഗഡുവായി 6.50 കോടി രൂപയും അനുവദിച്ചു.
ഏറ്റെടുത്ത പദ്ധതികള്‍ 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ആസൂത്രണസമിതി നിര്‍ദേശം നല്‍കി.2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശമിത്രം, പദ്ധതി അംഗീകാരം ലഭിച്ചശേഷം അധികമായി വന്ന സേവിങ്ങ്‌സ് തുക ഉപയോഗിച്ചുള്ള പദ്ധതികള്‍, മഴവെള്ള സംഭരണം, കിണര്‍ റീച്ചാര്‍ജിങ്ങ്, വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ഏറ്റെടുത്ത പദ്ധതികള്‍, വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കിയതുമായ പ്രൊജക്ടുകള്‍, ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത എസ്.സിഎസ്.ടി, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് തുടങ്ങിയവയുടെ പദ്ധതികളും പി.എം.എ.വൈ.ഐ.എ.വൈ. പദ്ധതികള്‍ക്കുവേണ്ടി തുക കണ്ടെത്തുന്നതിനും ഇതു പ്രകാരം ഭേദഗതി ചെയ്യാം. തനതു ഫണ്ടില്‍ നിന്നും അംഗീകാരം ലഭിച്ച പദ്ധതികള്‍ക്കു പകരം വികസനഫണ്ട് വേള്‍ഡ് ബാങ്ക് വിഹിതം തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഭേദഗതി പാടില്ല. ഭേദഗതി പാടില്ലാത്ത സ്പില്‍ ഓവര്‍ പ്രൊജക്ടുകളില്‍ ഇനി ഭേദഗതി അനുവദിക്കില്ല. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഒഴിവാക്കി പുതിയവ എടുക്കാനും അനുവദിക്കില്ല.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വീട് വയറിങ്ങ് ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന വിഹിതമായ 2000 രൂപ 5000 രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."