മഴക്കുറവ്: ജില്ലയില്‍ 700 ഹെക്ടര്‍ നെല്‍കൃഷി ഉണങ്ങി ശംസുദ്ദീന്‍ ഫൈസി
മഞ്ചേരി: മഴയുടെ കുറവുമൂലം ജില്ലയിലെ നെല്‍കൃഷി തകര്‍ച്ചയുടെ വക്കില്‍. ജില്ലയിലെ 5,000 ഹെക്ടര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയില്‍ 700 ഹെക്ടറും ഉണങ്ങി കരിഞ്ഞുതുടങ്ങിയെന്ന് ജില്ലാ കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് കനത്ത നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനുവരി പകുതിയോടെ കൊയ്ത്തു കഴിയുമ്പോള്‍ മാത്രമേ ജില്ലയ്ക്കു നെല്‍കൃഷിയില്‍ സംഭവിച്ച ആഘാതം പൂര്‍ണമായി കണകാക്കാനാകൂ. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് താങ്ങാനാകാത്ത തകര്‍ച്ചയാണ് ഇത്തവണത്തേതെന്നും വിലയിരുത്തപ്പെടുന്നു. വെയില്‍ ശക്തമായതു കാരണം പാടശേഖരങ്ങള്‍ വിണ്ടുകീറുന്നതും നെല്‍കൃഷിക്കു പ്രതികൂല സാഹചര്യമൊരുക്കുകയാണ്.
അടുത്ത തവണ താരതമ്യേന മൂപ്പ് കുറഞ്ഞ വിത്തിറക്കാന്‍ അധികൃതര്‍ കര്‍ഷകര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വളരെപെട്ടെന്നു കൊയ്യാന്‍ പാകമാക്കുന്നതിനു വേണ്ടിയാണിത്. കൂടുതല്‍ കരിഞ്ഞുണങ്ങി തുടങ്ങുമ്പോഴേക്കും കൊയ്തു നടത്തി വലിയ നഷ്ടത്തില്‍നിന്നു നെല്‍കൃഷിയെ രക്ഷിക്കാമെന്നു കണക്കാക്കിയാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനു പുറമേ നെല്‍കൃഷിയുടെ നാശത്തില്‍ മനസുരുകുന്ന കര്‍ഷകര്‍ക്കു ആശ്വാസം നല്‍കുന്നതിനായി നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച നടപടികളും പുരോഗമിച്ചുവരികയാണ്.
ഒരു ഹെക്ടറിനു 13,500 രൂപ എന്ന നിലയിലായിരിക്കും നഷ്ടപരിഹാരം നല്‍കുക.
അതതു കൃഷിഭവനുകള്‍ വഴിയാണ് തുകലഭ്യമാക്കുക. ജില്ലയില്‍ മഴയുടെ തോതില്‍ 39 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നെല്‍കൃഷിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു ശരാശരി നാലു മാസമെങ്കിലും മഴ ലഭിക്കേണ്ടതുണ്ട്.
മഴലഭിക്കുന്നല്ലെന്നു മാത്രമല്ല പരമ്പരാഗത ജലസ്രോതസുകളും വറ്റിത്തീരുകയാണ്. നെല്ലുകള്‍ക്കു ബാധിക്കുന്ന മഞ്ഞളിപ്പു രോഗം കര്‍ഷക മനസുകളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കൂടാതെ തണ്ടുതുരപ്പന്‍ പുഴു, ഓലചുരുട്ടിപ്പുഴു തുടങ്ങിയവയുടെ ശല്യവും കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."