ബൈപാസ് നിര്‍മ്മാണം; തടസം നീക്കി നിര്‍മ്മാണം തുടങ്ങണമെന്നാവശ്യം
ഒറ്റപ്പാലം. നഗരത്തില്‍ നിത്യേന രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത ബൈപാസ് നിര്‍മ്മാണം ഉടനെ ആരംഭിക്കണമെന്നാവശ്യം. പലതവണ നിര്‍മ്മാണത്തിന് ശ്രമിച്ചിട്ടും ചിലരുടെ എതിര്‍പ്പ് മൂലമാണ് നടക്കാതെ പോയത്. എന്നാല്‍ നഗരത്തില്‍ നിത്യേനയെന്നോണം ഗതാഗത കുരുക്ക് രൂക്ഷമാവുമ്പോള്‍ ബൈപാസ് നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതോടെ ഇതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ഈസ്റ്റ് ഒറ്റപ്പാലം പള്ളിക്ക് സമീപത്ത് നിന്നും കാക്കത്തോട് വഴി പാലാട്ട് റോഡിലൂടെ ലക്ഷ്മി തിയേറ്റര്‍ ജങ്ഷനിലേക്ക് എത്തുന്ന വിധത്തിലാണ് ബൈപാസ് രൂപ കല്‍പ്പന ചെയ്തിരുന്നത്.
എതിര്‍പ്പുമായി ഈസ്റ്റ് ഒറ്റപ്പാലം പാലാട്ട് റോഡ് നിവാസികള്‍ തുടക്കം മുതലെ രംഗത്തെത്തിയിരുന്നു. ബൈപ്പാസിനായുള്ള സ്ഥലമേറ്റെടുപ്പിനായി സര്‍വ്വേ നടത്തിയിരുന്നതെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീടങ്ങോട്ട് മുന്നോട്ടു പോയില്ല. സംസ്ഥാന സര്‍ക്കാറില്‍ പിടിപാടു്ള്ള പാലാട്ടു റോഡിലെ ചില ഉന്നതരാണ് പ്രവ്യത്തി തടസപെടുന്നതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ബൈപാസ് വന്നാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ തങ്ങളുടെ ജീവിതം ദുഷ്‌കരമാകുമെന്നാണ് അവരുടെ വാദം.സാധാരണ റോഡ് വികസനത്തിനെന്ന പോലെ ഒരാളെപ്പോലും പ്രദേശത്ത് നി്ന്ന് കുടിയൊഴിപ്പിക്കേണ്ട അവസ്ഥയും നിലവിലില്ല.
കാക്കത്തോടിന് കുറുകെ പാലം നിര്‍മ്മിച്ചാല്‍ റോഡിന് ഇരുഭാഗത്തുമുള്ള സ്ഥലം ഉടമകളുടെ കുറച്ച് സെന്റ് സ്ഥലം മാത്രമേ നഷ്ടമാകുകയുള്ളൂ. പൊതുമരാമത്ത് വകുപ്പിലും അത്യാവശ്യം പിടിപാടുള്ള ഒരു ഉന്നതനാണ് തന്റെ ഇടപെടലിലൂടെ പ്രവ്യത്തിക്ക് ഇപ്പോള്‍ വിഘാതം നില്‍ക്കുന്നത്. ആരുടേയും കണ്ണീരു വീഴ്ത്തി ബൈപാസ് നിര്‍മ്മിക്കില്ലെന്ന് ഇതിന് മുന്‍കയ്യെടുത്ത അന്നത്തെ എം.എല്‍.എ തന്നെ പ്രഖ്യാപിച്ചതോടെ പദ്ധതി കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. പുതിയ എം എല്‍ എ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടില്ല. 2008 ല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അഞ്ച് കോടി രൂപക്ക് നഗരത്തില്‍ ബൈപാസ് നിര്‍മ്മിക്കാനുള്ള ഭരണാനുമതിയാണ് ലഭിച്ചത്. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ഇതിന്റെ കാലാവധിയും അവസാനിച്ചു. സ്ഥലം ഏറ്റെടുത്ത് നല്‍കാതെ റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയില്ല എന്ന നിലപാടില്‍ തന്നെയാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയര്‍ ഇപ്പോഴുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."