നീറ്റ്: സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഫീസുയര്‍ത്തുന്നു
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അഖിലേന്ത്യാതലത്തില്‍ ഒറ്റ പ്രവേശനപ്പരീക്ഷ (നീറ്റ്) വരുന്നതോടെ തലവരിപ്പണം വാങ്ങാന്‍ കഴിയാതാവുന്ന സാഹചര്യം മറികടക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നു. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്കുള്ള ഫീസാണ് വര്‍ധിപ്പിക്കുന്നത്.
ഈ തീരുമാനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സ്വകാര്യമെഡിക്കല്‍ കോളജുകള്‍ സൂചന നല്‍കിയിട്ടുണ്ട്. നിലവില്‍ എം.ബി.ബി.എസ് കോഴ്‌സിന് 50 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് സ്വകാര്യമേഖലയില്‍ ഫീസ് ഈടാക്കുന്നത്. ബി.ഡി.എസിന് 25 മുതല്‍ 30 ലക്ഷം വരെയും ഫീസ് ഈടാക്കുന്നു. ഇതില്‍ 25 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് ആലോചിക്കുന്നത്.
പ്രവേശനം നല്‍കുന്നതിന് വലിയൊരു തുക തലവരിപ്പണം വാങ്ങുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൂടി ഉള്‍പ്പെടുത്തി ദേശീയ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തില്‍ തന്നെ നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയാലും സാധാരണ കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയില്ല.
ഇതിനു പുറമെയാണ് ഫീസ് വീണ്ടും കൂട്ടാനൊരുങ്ങുന്നത്. നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ)യുടെ പട്ടികയിലുള്ള 398 മെഡിക്കല്‍ കോളജുകളില്‍ 215 എണ്ണം സ്വകാര്യമേഖലയിലാണ്. ഇതൊടൊപ്പം 300 ഡെന്റല്‍കോളജുകളും രാജ്യത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."