പിണറായിയുടെ പിറന്നാളിന് ഗൗരിയമ്മ കരുതിവച്ചു; കേക്കും ഒരു ചെമ്പനീര്‍പ്പൂവും
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിന് പിടികൊടുക്കാത്ത പിണറായി വിജയന് ഇത്തവണ പതിവുതെറ്റിക്കേണ്ടി വന്നു. വിപ്ലവനായിക കെ.ആര്‍.ഗൗരിയമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് നിയുക്ത മുഖ്യമന്ത്രി ഇന്നലെ പിറന്നാള്‍ ആഘോഷിച്ചത്. കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവും ജെ.എസ്.എസ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ ഗൗരിയമ്മയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാന്‍ എത്തിയതായിരുന്നു പിണറായി വിജയന്‍.
സന്ദര്‍ശനവിവരം പിണറായി ഗൗരിയമ്മയെ അറിയിച്ചിരുന്നു. ചാത്തനാട്ടെ വസതിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ പിണറായിയെ രക്തഹാരം അണിയിച്ചാണു ഗൗരിയമ്മ സ്വീകരിച്ചത്.
പുതിയ ഇടതുമന്ത്രിസഭയിലെ സി.പി.എമ്മിന്റെ നിയുക്ത മന്ത്രിമാരും പിണറായിക്കൊപ്പമുണ്ടായിരുന്നു. നിയുക്ത മുഖ്യമന്ത്രിയുടെ പിറന്നാളാണെന്നു മാധ്യമങ്ങളില്‍ നിന്നു മനസിലാക്കിയിരുന്ന ഗൗരിയമ്മ പിണറായിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് കരുതിവച്ചിരുന്നു. തന്റെ ചിത്രവും ചുവന്ന റോസാപ്പൂവും ചേര്‍ത്തുവച്ച കേക്ക് പിണറായി തന്നെ മുറിച്ചു. നേതാക്കള്‍ക്കെല്ലാം വീട്ടില്‍ വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.
ഗൗരിയമ്മക്ക് ഒരു കാലത്തും പരിഭവമുണ്ടായിരുന്നില്ലെന്ന് പിണറായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗൗരിയമ്മയുമായി നീരസമൊന്നുമില്ലെന്നും ആവശ്യമില്ലാത്ത ചിന്തയൊന്നും വേണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.
മുക്കാല്‍ മണിക്കൂറോളം പിണറായിയും സംഘവും ഗൗരിയമ്മയുടെ വീട്ടില്‍ ചെലവഴിച്ചു. നിയുക്തമന്ത്രിമാരായ ജി.സുധാകരന്‍, ഡോ. ടി.എം.തോമസ് ഐസക്, ഇ.പി.ജയരാജന്‍, എ.എം.ആരിഫ് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി സജിചെറിയാന്‍ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു. ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."