ഹരിശേണായ് ബംഗ്ലാവ് നവീകരണം ഇഴയുന്നു
മട്ടാഞ്ചേരി: കൊച്ചിയിലെ പൗരാണിക പൈതൃക സ്മാരകമായ ചെറളായിയിലെ ഹരിശേണായ് ബംഗ്ലാവ് നവീകരണം മന്ദഗതിയിലായി. രണ്ടര കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ ഏജന്‍സിയാണ് ഒരു വര്‍ഷം മുമ്പ് നവീകരണ പ്രവര്‍ത്തനം തുടങ്ങിയത്. ടുറിസം വകുപ്പിന്റെ പൈതൃക സംരക്ഷണ പദ്ധതി യില്‍പ്പെടുത്തികൊണ്ടുള്ള നവീകരണമാണ് നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ദ്രുതഗതിയിലായിരുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒച്ചിഴയുന്ന രീതിയിലാണ് നീക്കുന്നത്. മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കി ആഴ്ചകള്‍ കഴിഞ്ഞെങ്കിലും മഴ മൂല മുള്ള തകരാര്‍ പരിഹരിക്കുന്നതിനോ ബദല്‍ സംവിധാനമൊരുക്കുന്നതിനോ നവീകരണ ഏജന്‍സി തയ്യാറാകാത്തത് കെട്ടിട നശീകരണത്തിനിടയാക്കുമെന്ന് ജനങ്ങള്‍ പറയുന്നു.
കൊച്ചി തിരുമല ദേവസ്വം വകയായുള്ള ഹരിശേണായ് ബംഗ്ലാവ് 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സവിശേഷതയാര്‍ന്ന കെട്ടിടമാണ്. ഗോത്തിക് മാതൃകയില്‍ നാല് കെട്ട് ശൈലിയില്‍ ശക്തമായ അറകളും വാളും,സ്വീകരണ മുറിയുമായുള്ള ഹരിശേണായ് ബംഗ്ലാവ് കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാമണസമൂഹത്തിന്റെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകവുമാണ്.
ചൈനീസ് മാര്‍ബിള്‍പാകിയ അതിഥി മുറി കരവിരുതിന്റെ കൊത്തുപണികളാലും കെട്ടിട രുപ കല്‍പനയാലും കാഴ്ചക്കാരില്‍ ആകര്‍ഷണീയമാണ് ശേണായ്ബംഗ്ലാവ് .പോര്‍ച്ചുഗീസ് മത പീഡനത്തില്‍ ഗോവയില്‍ നിന്ന് രക്ഷതേടി കൊച്ചിയിലെത്തിയ ജി.എസ്.ബി. സമുദായ പ്രമാണിമാരിലൊരാളാണ് വ്യാപാരിയായ ഹരിശേണായ്. ഇദ്ദേഹത്തിന്റെ ഭവനമായിരുന്നു ഈ ബംഗ്ലാവ്. വ്യാപാര തര്‍ക്ക തീര്‍പ്പു കേന്ദ്രമായും അറിയപ്പെട്ടിരുന്നു.
ഹരിശേണായിയുടെ കാലശേഷം പിന്‍ തലമുറക്കാര്‍ ബംഗ്ലാവ് കൊച്ചി തിരുമല ക്ഷേത്രത്തിന് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സാമുദായിക സാംസ്‌ക്കാരിക സംഘടനകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ച കെട്ടിടം കഴിഞ്ഞ ഏതാനും വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ടൂറിസം വകുപ്പിന്റെ അഞ്ച് കോടി രുപയുടെ പൈതൃകകെട്ടിട നവീകരണത്തില്‍പ്പെട്ട കൊച്ചിയിലെ പുരാതനമായ ചെമ്പിട്ട പള്ളി നവീകരണവും ഒരേ സമയത്താണ് തുടങ്ങിയത്.
ഇതിന്റെ നവീകരണവും പുര്‍ത്തിയായിട്ടില്ല. ഹരിശേണായ് ബംഗ്ലാവ് നവീകരണം മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ടൂറിസം സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കണമെന്ന് ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."