എച്ച്.എം.ടി എസ്റ്റേറ്റില്‍ തീപിടിത്തം: പരിഭ്രാന്തരായി പ്രദേശവാസികള്‍
കളമശ്ശേരി: എച്ച്.എം.ടി റോഡില്‍ തോഷിബയിലെ വാട്ടര്‍ അതോറിറ്റി ടാങ്കിന് പുറകില്‍ എച്ച്.എം.ടി എസ്റ്റേറ്റില്‍ കാടിന് തീപിടിച്ചു.
സമീപവാസികള്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റസ്ക്യൂ ടീം എത്തി തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണു തീപിടുത്തം ഉണ്ടായത്. നല്ല വെയിലും കാറ്റും ഉണ്ടായതിനാല്‍ തീ വേഗം പടര്‍ന്ന് പിടിച്ചു.
സമീപത്തെ വീടുകള്ക്കരികിലേക്കും തീ പടര്‍ന്നതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. വിസ്തൃതമായ കാടിനുള്ളില്‍ റോഡ് റോളര്‍ അടക്കം നാല് റോഡ് നിര്‍മാണ യന്ത്രങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഈ വാഹനങ്ങളിലേക്കും തീ പടര്‍ന്നു. ഉടനെ ഫയര്‍ഫോഴ്സ് തീയണച്ചതിനാല്‍ വാഹനങ്ങള്‍ മൂടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് ടര്പോളിന് മാത്രമേ കത്തി നശിച്ചുള്ളൂ. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണു തീയണക്കാന്‍ സാധിച്ചത്. തൃക്കാക്കരയിലേയും എലൂരിലേയും ഫയര്‍ ആന്റ് റസ്ക്യൂ ജീവനക്കാരെത്തിയാണ് തീയണച്ചത്.ഈ പ്രദേശത്തെ കാട് വെട്ടിത്തെളിക്കാന്‍ നിരവധി തവണ നാട്ടുകാര്‍ എച്ച്.എം.ടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കമ്പനി കാട് വെട്ടാന്‍ തയ്യാറായില്ല.
പിന്നീട് നഗരസഭക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് എച്ച്.എം.ടി അധികൃതരോട് കാട് വെട്ടാനാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. മുന്‍പ് റബര്‍ മാലിന്യം കൊണ്ട് വന്ന് തള്ളി തീയിട്ടതും ഈ പ്രദേശത്താണ്. അന്ന് രൂക്ഷമായ പുകയും ദുര്‍ഗന്ധവും മൂലം നാട്ടുകാര്‍ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായിരുന്നു.
ഫാക്ടറികളില്‍ നിന്ന് കരാടിസ്ഥാനത്തില്‍ മാലിന്യം നീക്കുന്ന ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പരാതിയുണ്ട്. രാത്രി കാലങ്ങളില്‍ വന്‍തോതില്‍ മാലിന്യം കൊണ്ട് വന്ന് തള്ളി തീയിടുന്നതു പതിവായിരിക്കുകയാണ്. ഇതില്‍ പെട്ട സമീപ പ്രദേശവാസിയായ ഒരാളാണ് തീയിട്ടതെന്ന് നാട്ടുകാര്‍ക്കു പരാതിയുണ്ട്. തീയിട്ടു എന്ന് പറയുന്ന ആളെക്കുറിച്ച് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."