കോട്ടപ്പുറം-കൊറ്റങ്കര കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന് 45 ലക്ഷംരൂപ നല്‍കും; മന്ത്രി ജെ മെഴ്സിക്കുട്ടിഅമ്മ
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പുറം കുടിവെള്ള പദ്ധതിയും കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ കൊറ്റങ്കര കുടിവെള്ള പദ്ധതിയും ഉടനെ പൂര്‍ത്തീകരിക്കുന്നതിനായി 45 ലക്ഷം രൂപ നല്‍കുമെന്ന് മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെ കുടിവെള്ള പദ്ധതി അവലോകനം ചെയ്ത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടപ്പുറം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 25.48 ലക്ഷം രൂപയും കൊറ്റങ്കര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 20.20 ലക്ഷം രൂപയും ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉടനെ തുക കണ്ടെത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം കഴിയാത്തതിനാലാണ് ആസ്തവികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കാന്‍ മന്ത്രി തീരുമാനിച്ചത്.കൊറ്റങ്കര പഞ്ചായത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതി പ്രകാരം 11 വാര്‍ഡുകള്‍ക്ക് കുടിവെള്ളം നല്‍കുന്നുണ്ട്. പഞ്ചായത്തിലെ അഞ്ച് കുഴല്‍കിണറുകള്‍ വഴി കുടിവെള്ളം നേരിട്ട് വിതരണ ശൃംഖലയില്‍ എത്തിച്ചാണ് പദ്ധതി നടന്നു വരുന്നത്. എങ്കിലും പൊതുജനത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള കുടിവെള്ളം എത്തിക്കാന്‍ കഴിയുന്നില്ലയെന്നുള്ള വസ്തുത കണക്കിലെടുത്താണ് കൊറ്റങ്കര പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍പ്പെടുത്തി 20.20 ലക്ഷം രൂപ നല്കാന് തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."