കുറഞ്ഞ സ്ഥലത്ത് കൃഷി വിളയിച്ച് പമ്പ് ഓപറേറ്റര്‍ മാതൃകയായി
മാള: മനസ്സുണ്ടെങ്കില്‍ കുറഞ്ഞ സ്ഥലത്തും കൃഷി നടത്തി വിളയിക്കാമെന്ന് തെളിയിച്ച് പമ്പ് ഓപ്പറേറ്റര്‍ മാതൃകയായി. എരവത്തൂര്‍ തലയാക്കുളത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന മേലഡൂര്‍ ചക്കാലക്കല്‍ സാജനാണ് വളരെ കുറഞ്ഞ സ്ഥലത്തും വിവിധയിനം പച്ചക്കറികള്‍ വിളയിച്ചെടുക്കാമെന്ന് തെളിയിക്കുന്നത്. പമ്പ് ഹൗസിന്റെ മുന്‍വശത്ത് നാല് ചതുരശ്രയടി മാത്രം വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷി. വെണ്ട, പാവല്‍, രണ്ടിനം വീതം ചീരയും പടവലവുമാണ് ഇത്തിരി സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഔഷധച്ചെടിയായ തുളസിയും പൂച്ചെടികളും ഇത്തിരിവട്ടത്തില്‍ വളരുന്നുണ്ട്. ഇവയില്‍ നിന്നും എത്ര തന്നെ വിളവുണ്ടായാലും വിറ്റ് കാശാക്കാനുള്ള താല്‍പ്പര്യമൊന്നും സി.ടി സാജനില്ല. പരിചയക്കാര്‍ക്കും മറ്റുമാണ് വിളവുകള്‍ നല്‍കുന്നത്.
രണ്ട് മാസം മുന്‍പിറക്കിയ കൃഷിയില്‍ നിന്നും പടവലമടക്കം കിലോക്കണക്കിന് വിളവെടുത്തു കഴിഞ്ഞു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവകൃഷിയാണ് ചെയ്യുന്നത്. സമീപത്തെ പറമ്പുകളില്‍ മേയുന്ന കന്നുകാലികളില്‍ നിന്നുമുള്ള ചാണകം ഉണക്കിപ്പൊടിച്ചാണ് പ്രധാനമായുമുള്ള വളപ്രയോഗം. 35 വര്‍ഷമായി പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സാജന്‍ എട്ട് വര്‍ഷം മുന്‍പാണ് എരവത്തൂര്‍ തലയാക്കുളത്ത് എത്തിയത്. തന്റെ പുരയിടത്തില്‍ ഇദ്ദേഹം ഉപയോഗ ശൂന്യമായ പൈപ്പിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.
ചകിരിച്ചോറും മണ്ണും കൂട്ടി കലര്‍ത്തിയ മിശ്രിതം പൈപ്പില്‍ നിക്ഷേപിച്ച് അതിലാണ് വിവിധതരം കൃഷികള്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിളകള്‍ വീട്ടാവശ്യത്തിനെടുത്ത് ബാക്കി അയല്‍വാസികള്‍ക്കും മറ്റും നല്‍കുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."