നോട്ട് നിരോധനം: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ കോ-ഓഡിനേറ്റര്‍മാരെ നിയമിച്ചു. കേരളത്തില്‍ നിന്നും മൂന്ന് പേര്‍ക്ക് ആന്ധ്രയിലെ വിവിധ ജില്ലകളുടെ ചുമതല നല്‍കി. ബെന്നി ബെഹനാന്‍ ( വിജയ് നഗര്‍, ശ്രീകാകുളം), ഡോ.ശൂരനാട് രാജശേഖരന്‍( വെസ്റ്റ് ഗോദാവരി), കെ.പി.ധനപലാന്‍( കൃഷ്ണ, ഗുണ്ടൂര്‍) എന്നിവരാണ് കേരളത്തില്‍ നിന്ന് നിയോഗിക്കപ്പെട്ട നേതാക്കള്‍.
നോട്ട് നിരോധനത്തിനെതിരേ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളായാണ് പ്രക്ഷോഭം.
ആദ്യഘട്ടം ജനുവരി പത്തിന് അവസാനിക്കും. ഇന്നും നാളെയും വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതാക്കള്‍ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാതലങ്ങളിലും വാര്‍ത്താസമ്മേളനം നടത്തും. ജനുവരി 6ന് ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കും. 9ന് മഹിളാ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, എന്‍.എസ്.യു (ഐ) എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
രണ്ടാം ഘട്ടം ജനുവരി 10 മുതല്‍ 20 വരെയായിരിക്കും. മൂന്നാം ഘട്ടം 20 മുതല്‍ 30 വരെ നീണ്ടു നില്‍ക്കും. രണ്ടും മൂന്നും ഘട്ട പ്രക്ഷോഭങ്ങളുടെ വിശദാംശങ്ങള്‍ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. പ്രക്ഷോഭങ്ങളുടെ ഏകോപനത്തിനായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തെ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് സമിതി ചെയര്‍മാന്‍. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് കോ-ചെയര്‍മാനും രണ്‍ദീപ് സുര്‍ജേവാല കണ്‍വീനറുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങളുടെ ഏകോപന ചുമതല നാല് അംഗങ്ങള്‍ക്കായി വീതിച്ചു നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ വൈദ്യുതി മന്ത്രി ഡി.കെ.ശിവകുമാറിനാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."