ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 87,000 കോടിയായി
ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായുള്ളത് 87,000 കോടി രൂപ. നവംബര്‍ എട്ടു വരെ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത് 45,637 കോടിയായിരുന്നു. നവംബര്‍ പത്ത് മുതല്‍ ഡിസംബര്‍ 23 വരെയുള്ള കാലയളവില്‍ 48 ലക്ഷം അക്കൗണ്ടുകളിലേക്ക് 41,523 കോടി രൂപകൂടി ഒഴുകിയെത്തിയതോടെ മൊത്തനിക്ഷേപം 87,100 കോടിയായി.
നോട്ട് നിരോധനം പ്രഖ്യാപിച്ചതിനുശേഷം ആദ്യത്തെ ആഴ്ച 20,224 കോടിയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത്. പിന്നീട് നിക്ഷേപം കുറഞ്ഞു. ആദ്യ രണ്ടാഴ്ചക്ക് ശേഷം 5,000 കോടി മാത്രമാണ് നിക്ഷേപമായി എത്തിയത്. പിന്നീട് അത് 1,000 കോടിയായി കുറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിക്ഷേപം കുറഞ്ഞതെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തുന്നത്.
അമ്പതിനായിരം രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. അസാധുവായ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിച്ച ഡിസംബര്‍ 30 വരെയുള്ള 50 ദിവസ കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചാല്‍ നിയമനടപടി എടുക്കുമെന്ന് നവംബര്‍ 18നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. കള്ളപ്പണത്തെ പുതിയ നോട്ടുകളാക്കി മാറ്റാന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
2016 ഡിസംബര്‍ 12 വരെ 12.10 ലക്ഷം അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കണക്ക്. വിനിമയത്തിലുണ്ടായിരുന്ന 15.45 ലക്ഷം കോടി നോട്ടുകളാണ് നവംബര്‍ എട്ടിന് അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."