കളിക്കളമില്ല: വോളിബോള്‍ പ്രേമികള്‍ നിരാശയില്‍
കക്കട്ടില്‍: കടത്തനാടിന്റെ കായിക മാമാങ്കമായ വോളിബോളിന്റെ ഈറ്റില്ലം എന്നറിയപ്പെട്ട കുളങ്ങരത്തു സംസ്ഥാനപാത വികസനത്തോടെ നഷ്ടമായ കളിക്കളം യാഥാര്‍ഥ്യമാകുന്നതും കാത്തിരിക്കുകയാണ് വോളിബോള്‍ പ്രേമികള്‍.
ദേശീയ, സംസ്ഥാന താരങ്ങളെ സംഭാവന ചെയ്ത കുളങ്ങരത്തെ കളിക്കളത്തുനിന്നും സ്മാഷുകള്‍ പറത്തിയാണ് നിരവധി കായികപ്രതിഭകള്‍ ഉതിച്ചുയര്‍ന്നത്. ടോം ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് വോളിമേളകളും പരിശീലനവും ഇവിടെ നടന്നുവന്നിരുന്നു. സംസ്ഥാന ജൂനിയര്‍ കോച്ചിങ് ക്യാംപും ഇവിടെ നടത്താറുണ്ടായിരുന്നു.
കുളങ്ങരത്ത് റവന്യു പുറമ്പോക്കില്‍ മൂന്നു സെന്റ് സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കായിക അധ്യാപക-വിദ്യാര്‍ഥി പി.സി സജീറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും പരിഹാരമായില്ല.
റവന്യു പുറമ്പോക്കില്‍ ഭൂമി ലഭ്യമാവുന്ന മുറയ്ക്ക് നഷ്ടപ്പെട്ട കുളങ്ങരത്തിന്റെ വോളിബോള്‍ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍. വോളിബോള്‍ മൈതാനം വീണ്ടെടുക്കാന്‍ വീണ്ടും അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. കായികപരിശീലനങ്ങള്ക്കും മത്സരങ്ങള്‍ക്കും പര്യാപ്തമാവുന്ന ഗ്രൗണ്ട് തന്നെ വേണമെന്ന ആവശ്യത്തില്‍ മുന്നോട്ടുപോകാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."