ജാമിഅഃ നൂരിയ്യഃ വാര്‍ഷിക മഹാസമ്മേളനം നാളെ തുടങ്ങും
മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 54 ാം വാര്‍ഷിക 52 ാം സനദ്ദാന സമ്മേളനം നാളെ തുടങ്ങും. വൈകുന്നേരം നാലിന് സിയാറത്തിനു ശേഷം 5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ചു ദിനങ്ങളിലായി വൈവിധ്യമാര്‍ന്ന ഇരുപതിലേറെ സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. എട്ടിനു വൈകിട്ടു നടക്കുന്ന സമാപന സമ്മേളനത്തില്‍ 207 യുവ പണ്ഡിതന്‍മാര്‍ക്ക്് സനദ് നല്‍കും. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള പണ്ഡിതന്‍മാര്‍, മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിച്ചേരും.
ഉദ്ഘാടന സമ്മേളനത്തില്‍ ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി,ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ മമ്മദ് ഫൈസി, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ്, ഹകീം ഫൈസി ആദൃശ്ശേരി, നാലകത്ത് സൂപ്പി,നിര്‍മ്മാണ്‍ മുഹമ്മദലി പ്രസംഗിക്കും.
അഞ്ചിന് വ്യാഴാഴ്ച 10 മണിക്ക് നടക്കുന്ന അലുംനി മീറ്റ് സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ഓസ്‌ഫോജ്‌ന സെന്‍ട്രല്‍ കൗണ്‍സില്‍ നടക്കും. വൈകിട്ട് നാലിനു പണ്ഡിത ദര്‍സ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിനു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും.
ആറിന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് 'രാഷ്ട്രാന്തരീയം' സെഷന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 6.30ന് 'സ്വഹാബ' സെഷന്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.
ഏഴിന് ശനിയാഴ്ച കാലത്ത് 8.30ന് മുല്‍തഖദ്ദാരിസീന്‍ ആരംഭിക്കും. 10ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. 10.30ന് വേദി രണ്ടില്‍ മുദരിസ് സമ്മേളനം പി കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ദഅ്‌വാ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 2.30ന് വേദി രണ്ടില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫറന്‍സ് നടക്കും. വൈകിട്ട് നാലിന് അറബിക് ഡിബേറ്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. 4.30ന് നടക്കുന്ന പ്രവാസി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് 'വെളിച്ചം' സെഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എട്ടിന് ഞായര്‍ കാലത്ത് ഒന്‍പതിന് ടീന്‍സ് മീറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 9.30ന് എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ ട്രെയിനേഴ്‌സ് മീറ്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്യും. 11.30ന് ശരീഅത്ത് സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് ജനറല്‍ ബോഡി യോഗവും നാലിന് സ്ഥാന വസ്ത്ര വിതരണവും നടക്കും.
വൈകിട്ട് 5 ന് നടക്കുന്ന സമാപന സനദ് ദാന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഡോ. സഈദ് അബ്ദുല്ല ഹാരിബ് ദുബൈ വിശിഷ്ടാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വഹിക്കും.
ജൂനിയര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന അറുപതോളം സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുക. സീനിയര്‍, ജൂനിയര്‍ സെക്കന്‍ഡറി, ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി, സബ് ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി 85 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകിട്ട് 6 ന് റജിസ്‌ട്രേഷന്‍ നടക്കും. വൈകിട്ട് 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
നാലിന് ബുധന്‍ വൈകുന്നേരം 4.30ന് നടക്കുന്ന അവാര്‍ഡ് സെഷന്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും.
സമ്മേളനം തത്സമയം
ജാമിഅഃ സമ്മേളന ദൃശ്യങ്ങള്‍ ദര്‍ശന ടി.വി, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ് റൂം, എസ്.കെ.ഐ.സി.ആര്‍ മൊബൈല്‍ ടിവി, എസ്. കെ.ഐ.സി.ആര്‍ റേഡിയോ എന്നിവയിലും ംംം.ഷമാശമിീീൃശ്യമ.ീൃഴ വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."